

ഇന്ത്യ-പാക് മത്സരം നടക്കും
ലാഹോർ: ഫെബ്രുവരി 15ന് നിശ്ചയിച്ചിരിക്കുന്ന ട്വൻറി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ കളത്തിലിറങ്ങുമെന്ന് ഐസിസിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു. ഐസിസി അധികൃതരും ബിസിബിയും, പിസിബിയും ചേർന്ന് ലാഹോറിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇനങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ബംഗ്ലാദേശിനെതിരേ നടപടികൾ ഉണ്ടാകില്ലയെന്നും 2028 നും 2031 നുമിടയിൽ നടക്കുന്ന ഒരു ഐസിസി ഇവന്‍റ് ബംഗ്ലാദേശിന് നൽകുമെന്നും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പാക്കിസ്ഥാൻ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ചിലത് ഐസിസി അംഗീകരിച്ചതായി പിസിബി അറിയിച്ചു.
ലോകകപ്പിൽ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിന് ഉണ്ടാകാവുന്ന നഷ്ടങ്ങൾ നികത്താനായി ആദ്യം ആവശ്യപ്പെട്ടത് ത്രിരാഷ്ട്ര പരമ്പരയായിരുന്നു. എന്നാൽ അത് നിരസിച്ച ഐസിസി 2028നും 2031 നുമിടയിൽ നടക്കാനിരിക്കുന്ന ഒരു ഐസിസി ടൂർണമെന്‍റ് ബംഗ്ലാദേശിൽ വെച്ച് നടത്താനുള്ള വിഷയം പരിഗണിക്കും. ബംഗ്ലാദേശിനെതിരേ നിയമനടപടികളോ ഒരു തരത്തിലുള്ള പിഴകളോ ചുമത്തുകയില്ലെന്നും ഐസിസി വ്യക്തമാക്കി. അതേസമയം ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കാനുള്ള പാക്കിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളി. ഇങ്ങനെയുള്ള തീരുമാനം എടുക്കേണ്ടത് അതാത് രാജ്യത്തെ ക്രിക്കറ്റ് ബോർഡാണെന്ന് ഐസിസി വ്യക്തമാക്കി. ഫെബ്രുവരി 15ന് വൈകിട്ട് ഏഴിന് ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. പാക്കിസ്ഥാനെതിരേ കളിച്ച 5 ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്കായിരുന്നു ജയം.