

അണ്ടർ 19 ലോകകപ്പ്; അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ ഫൈനലിൽ
ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ. 7 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത്. അഫ്ഗാൻ ഉയർത്തിയ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 41 ഓവറിൽ ഇന്ത്യ മറികടന്നു. മലയാളി താരം ആരോൺ ജോർജിന്‍റെ സെഞ്ചുറിയാണ് ഇന്ത്യയുടെ തിളക്കമാർന്ന വിജയം സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 41 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.ആരോണാണ് മത്സരത്തിലെ താരം. 104 പന്തുകളിൽ നിന്ന് 15 ഫോറുകളും 2 സിക്സറും അടക്കം 115 റൺസ് നേടി. വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ എന്നിവരുടെ കളിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഓപ്പണിങിൽ സൂര്യവംശിയും ആയുഷ് മാത്രെയും 9.3 ഓവറിൽ 90 റൺസെടുത്ത് മികച്ച തുടക്കം നൽകി. തുടർന്ന് വന്ന ആരോണും ആയുഷും 114 റൺസെടുത്തു. ആരോൺ ജോർജും, വിഹാൻ മൽഹോത്രയും ചേർന്ന് മൂന്നാംവിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
വാഹിദുള്ള സദ്രാന്‍റെ പന്തിൽ നസീഫുള്ള അമീരിക്ക് ക്യാച്ച് നൽകി ആരോൺ കളംവിട്ടു. പിന്നീട് എത്തിയ വേദാന്ത് ത്രിവേദിയും മൽഹോത്രയും ചേർന്ന് വിജയം പൂർത്തികരിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അടിച്ചുകൂട്ടി. ഫൈസൽ ഷിനോസാദ(110). ഉസൈറുള്ള നിയാസായ്(101) എന്നിങ്ങനെ 2 തകർപ്പൻ സെഞ്ചുറി നേടി. ഇന്ത്യൻ നിരയിൽ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.