
മലയാളി കൗമാര ഫുട്ബോൾ താരം ഐഡാൻ ഹാനി നദീർ എസി മിലാനിലേക്ക്
റോയ് റാഫേൽ
ദുബായ്: കേരളത്തിലെയും യുഎഇയിലെയും ഫുട്ബോൾ പ്രേമികളുടെയും പ്രവാസികളുടെയും അഭിമാനം വാനോളമുയർത്തി മലയാളി കൗമാര ഫുട്ബോൾ താരം ഐഡാൻ ഹാനി നദീർ ഞായറാഴ്ച ഇറ്റലിയിലെ എസി മിലാൻ ക്ലബ്ബിലേക്ക് യാത്രയാവുന്നു. രണ്ടു മാസത്തെ പരിശീലനത്തിനാണ് ഐഡാൻ മിലാനിലേക്ക് പോകുന്നത്.
യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ 18 വയസിനു താഴെയുള്ള ഫുട്ബോൾ കളിക്കാർക്കായി നടത്തിയ സ്റ്റാർസ്പ്ലേ റിയാലിറ്റി ഷോ വിജയിച്ചാണ് ഐഡാൻ നദീറിന് ഈ സുവർണാവസരം കൈവന്നിരിക്കുന്നത്. 2024 ഏപ്രിലിലാണ് ഐഡാൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് പിതാവ് നദീർ ചോലൻ മെട്രൊ വാർത്തയോടു പറഞ്ഞു.
ദുബായിലെ അൽ നാസർ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ഐഡാൻ അണ്ടർ 18, അണ്ടർ 21 യുഎഇ ഫുട്ബോൾ ലീഗുകളിൽ രജിസ്റ്റർ ചെയ്ത കളിക്കാരനാണ്. 12 വയസ് മുതൽ ക്ലബ് ഫുട്ബോളിൽ സജീവം.
ഇറ്റലിയിലേക്കുള്ള യാത്ര വിവിധ കാരണങ്ങളാൽ വൈകിയതു മൂലം പ്ലസ് ടു പഠനം പൂർത്തിയാക്കാൻ സാധിച്ചുവെന്നും നദീർ ചോലൻ. ഞായറഴ്ച ഉച്ചക്ക് 1.15 നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ഐഡാൻ മിലാനിലേക്ക് പോകുന്നത്.
ആദ്യ രണ്ടാഴ്ച അച്ഛനും ഐഡാന്‍റെ ഒപ്പമുണ്ടാകും. ഇരുവരുടെയും മുഴുവൻ ചെലവുകളും എസി മിലാൻ ക്ലബ് അധികൃതരാണ് വഹിക്കുന്നത്. ക്ലബ്ബിന്‍റെ യൂത്ത് ഹോസ്റ്റലിലായിരിക്കും ഐഡാന്‍റെ താമസം.
എസി മിലാൻ യൂത്ത് താരങ്ങളോടൊപ്പം പരിശീലനം നടത്താൻ ലഭിക്കുന്ന അവസരം ഇന്ത്യൻ കൗമാര താരങ്ങളെ സംബന്ധിച്ച് സ്വപ്ന സമാനമായ നേട്ടമാണെന്ന് ഐഡാന്‍റെ പിതാവ് പറയുന്നു. മികച്ച പ്രകടനവും പുരോഗതിയും കൈവരിക്കാൻ സാധിച്ചാൽ ഐഡാന് എസി മിലാൻ യൂത്ത് ടീമിൽ ഇടം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂരാണ് നദീറിന്‍റെ നാട്. ദുബായിൽ മില്ലർനോൾ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
ഐഡാന്‍റെ പരിശീലനത്തിനും ഭാവിക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് 6.30ന് അബു ഹെയ്ൽ അമാന സ്‌പോർട്‌സ് ഫെസിലിറ്റി ഹാളിൽ ഫുട്ബോൾ പ്രേമികളും സംഘാടകരും ഒത്തുചേരുമെന്ന് ഫുട്ബോൾ സംഘാടകൻ സത്താർ മാമ്പ്ര അറിയിച്ചു.