സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ.
File photo
സെപ്റ്റംബർ 30ന് ആരംഭിക്കുന്ന വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. ശ്രീലങ്കയിൽ നടത്തിയ ത്രിരാഷ്ട്ര പരമ്പര വിജയവും, ഇംഗ്ലണ്ട് പര്യടനത്തിലെ പരമ്പര നേട്ടവുമെല്ലാമായി മികച്ച ഫോമിലാണ് ഇപ്പോഴത്തെ ടീം. പുരുഷ ടീമിലേതിനു സമാനമായി, പ്രതിഭകളുടെ അതിപ്രസരം ടീം സെലക്ഷനെ ദുഷ്കരമാക്കുന്നു.
സ്പോർട്സ് ലേഖകൻ
ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള പുരുഷ ടീം തെരഞ്ഞെടുപ്പ് സെലക്റ്റർമാർക്ക് തലവേദനയാണ്. സമാനമാണ് വനിതകളുടെ ഏകദിന ലോകകപ്പ് ടീം തെരഞ്ഞെടുക്കുന്ന സെലക്റ്റർമാരുടെ അവസ്ഥയും. ശ്രീലങ്കയിൽ നടത്തിയ ത്രിരാഷ്ട്ര പരമ്പര വിജയവും, ഇംഗ്ലണ്ട് പര്യടനത്തിലെ പരമ്പര നേട്ടവുമെല്ലാമായി മികച്ച ഫോമിലാണ് ഇപ്പോഴത്തെ ടീം.
ഷഫാലി വർമ, രേണുക സിങ്, അരുന്ധതി റെഡ്ഡി തുടങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ വമ്പൻ പേരുകാരെ തള്ളണോ കൊള്ളണോ എന്ന ചോദ്യം നീതു ഡേവിഡ് അധ്യക്ഷയായ സെലക്ഷൻ കമ്മിറ്റിക്കു മുന്നിൽ നിർണായകമായി നിൽക്കുന്നു. സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുക്കുക.
ഷഫാലി വർമ.
പുരുഷൻമാരുടെ ടി20 ടീമിലെ ഋഷഭ് പന്തിന്‍റെ സ്ഥാനം പോലെയാണ് വനിതകളുടെ ഏകദിന ടീമിൽ ഷഫാലി വർമയുടെ കാര്യം. ഋഷഭ് പന്തിന് ദേശീയ ടി20 ടീമിൽ ഇടം ഗ്യാരന്‍റിയല്ലാത്തതുപോലെ ഷഫാലിയുടെ ഏകദിന ക്രിക്കറ്റിലെ പ്രകടനവും അത്ര ആശാവഹമല്ല. എന്നാൽ, പ്രതിഭയും വിസ്ഫോടന ശേഷിയും കണക്കാക്കുമ്പോൾ ഇരുവരെയും കണ്ണുമടച്ച് ഒഴിവാക്കാനും കഴിയില്ല.
നിലവിൽ വനിതാ ടീമിന്‍റെ ടോപ് സിക്സ് ബാറ്റർമാരിൽ നാലു പേർ ഓട്ടോമാറ്റിക് സെലക്ഷനാണ്- സ്മൃതി മന്ഥന, ജമീമ റോഡ്രിഗ്സ്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വിക്കറ്റ് കീപ്പർ റിച്ച ഘോഷ് എന്നിവർ. ഷഫാലി ഏകദിന ടീമിൽ നിന്നു പുറത്തായപ്പോൾ സ്മൃതിയുടെ ഓപ്പണിങ് പങ്കാളിയായെത്തിയ പുതുമുറക്കാരി പ്രതീക റാവൽ 14 മത്സരങ്ങളിൽ 54 റൺ ശരാശരിയോടെ 703 റൺസെടുത്തു കഴിഞ്ഞു. സ്ട്രൈക്ക് റേറ്റ് 88. ടെസ്റ്റ് ക്രിക്കറ്റിലും ടി20 മത്സരങ്ങളിലും അടിച്ചുതകർക്കാറുള്ള ഷഫാലിയുടെ ഏകദിന ക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റാകട്ടെ 83 മാത്രം. ബാറ്റിങ് ശരാശരി വെറും 23 റൺസും!
രണ്ടാം വിക്കറ്റ് കീപ്പറായി യസ്തിക ഭാട്ടിയ എത്തുമ്പോൾ റിസർവ് ഓപ്പണറുമായി. ആ നിലയ്ക്ക് ഷഫാലിക്ക് ടീമിൽ ഇടം കിട്ടാൻ എളുപ്പമല്ല. ഇന്ത്യ എ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിൽ 54, 4, 36 എന്നിങ്ങനെയായിരുന്നു ഏകദിന മത്സരങ്ങളിൽ ഷഫാലിയുടെ സ്കോറുകൾ.
മധ്യനിരയിൽ ഇടം പ്രതീക്ഷിക്കുന്ന മറ്റൊരാൾ ഹർലീൻ ഡിയോളാണ്. സമീപകാലത്ത് കൂടുതൽ സ്ഥിരത പുലർത്തുന്ന ഹർലീൻ കഴിഞ്ഞ ഡിസംബറിൽ കന്നി സെഞ്ചുറിയും കുറിച്ച ശേഷം ഏകദിന ടീമിൽ സ്ഥിരം സാന്നിധ്യമാണ്. സ്ലോ സ്റ്റാർട്ടുകൾ മാത്രമാണ് വിമർശനവിധേയമായുള്ളത്.
അമൻജോത് കൗർ.
പൂജ വസ്ത്രകാർ ദീർഘകാലമായി പരുക്കേറ്റ് പുറത്തിരുന്നപ്പോഴാണ് അമൻജോത് കൗറിന് പേസ് ബൗളിങ് ഓൾറൗണ്ടർ എന്ന നിലയിൽ സ്ഥിരമായി അവസരം ലഭിച്ചത്. അത് പരമാവധി ഉപയോഗപ്പെടുത്തിയ അമൻജോത് ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 മത്സരങ്ങളിൽ രണ്ടാം സീമറുമായി. 13 ഓവറിൽ മൂന്ന് വിക്കറ്റ് നേടി. പുറത്താകാതെ 63 റൺസുമായി ഒരു മത്സരത്തിൽ ടീമിന്‍റെ വിജയശിൽപ്പിയുമായി.
പൂജയുടെ പരുക്ക് ഭേദമായിട്ടില്ലാത്ത സാഹചര്യത്തിൽ അമൻജോത് ഓട്ടോമാറ്റിക് സെലക്ഷനാവേണ്ടതാണ്. എന്നാൽ, ഇംഗ്ലണ്ടിലെ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റത് ആശങ്കയാണ്. തുടർന്ന് വിശ്രമം അനുവദിച്ചെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ന്യൂബോൾ കൈകാര്യം ചെയ്യാൻ മാത്രം കായികക്ഷമതയുണ്ടോ എന്നിനിയും ഉറപ്പില്ല.
അമൻജോത് ടീമിലെത്തിയാൽ അരുന്ധതി റെഡ്ഡി പുറത്തുപോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ എക്സ്ട്രാ ബാറ്ററായി ഷഫാലിയെ ഉൾപ്പെടുത്താൻ സാധിക്കും. അതല്ലെങ്കിൽ ഇന്ത്യ എ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച റിസ്റ്റ് സ്പിന്നർ പ്രേമ റാവത്ത് ടീമിലെത്തും.
മിന്നു മണി
സ്പിൻ ബൗളിങ് ഓൾറൗണ്ടർമാർ ദീപ്തി ശർമയും രാധ യാദവും ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സീനിയർ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലും എ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിനും മികച്ച പ്രകടനമായിരുന്നു രാധയുടേത്. ബാറ്റിങ് മെച്ചപ്പെടുത്തിയ രാധ ടീമിലെ ഏറ്റവും മികച്ച ഫീൽഡറുമാണ്. ലെഫ്റ്റ് ആം സ്പിന്നർ എന്ന നിലയിൽ കഴിഞ്ഞ വനിതാ ഐപിഎൽ മുതലിങ്ങോട്ട് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നു. ദീപ്തിയാകട്ടെ, ബൗളിങ് ഓപ്പൺ ചെയ്യുന്നതു മുതൽ ഡെത്ത് ഓവറുകൾ എറിയാൻ വരെ ശേഷിയുള്ള ഓഫ് സ്പിന്നറാണ്. ഒപ്പം, മൂന്നാം നമ്പർ മുതൽ ഫിനിഷറായി വരെ ഏതു റോളിലും കളിപ്പിക്കാവുന്ന ബാറ്ററും.
ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഗംഭീര പ്രകടനത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ സ്നേഹ് റാണയും, ഏറ്റവും പുതിയ സ്പിൻ സെൻസേഷൻ ശ്രീ ചരണിയും ടീമിലുണ്ടാകും. ഓസ്ട്രേലിയൻ പര്യടനത്തിൽ എ ടീമിനു വേണ്ടി മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും, ബാക്കപ്പ് സ്പിന്നറായി മാത്രമായിരിക്കും കേരള താരം മിന്നു മണിയെ പരിഗണിക്കുക. ഈ സ്ഥാനത്തേക്ക് ശ്രേയാങ്ക പാട്ടീൽ കടുത്ത മത്സരമുയർത്തുന്നുമുണ്ട്. ഓഫ് സ്പിന്നിങ് ഓൾറൗണ്ടർമാരാണ് ഇരുവരും.
രേണുക സിങ്
സമീപകാലം വരെ എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിച്ചിരുന്നത് രേണുക സിങ് ഠാക്കൂറാണ്. പരുക്ക് പൂർണമായി ഭേദപ്പെട്ടിട്ടുണ്ടെങ്കിൽ രേണുകയുടെ പരിചയസമ്പത്തും കൃത്യതയും ടീമിനു മുതൽക്കൂട്ടാകും. രേണുകയ്ക്ക് മത്സരക്ഷമത ആയിട്ടില്ലെങ്കിൽ അരുന്ധതി റെഡ്ഡിക്ക് നറുക്ക് വീഴാൻ സാധ്യതയുണ്ട്. മധ്യപ്രദേശ് പേസർ ക്രാന്തി ഗൗഡ് ആണ് ഈ റോളിലേക്കു പരിഗണിക്കാവുന്ന മറ്റൊരാൾ. ഇംഗ്ലണ്ട് പര്യടനത്തിലെ ആറു വിക്കറ്റ് പ്രകടനം ക്രാന്തി ഗൗഡിനെ അരുന്ധതിക്കു മുകളിൽ പരിഗണിക്കാൻ സെലക്റ്റർമാരെ പ്രേരിപ്പിച്ചേക്കും. അമൻജോത് ടീമിലുണ്ടെങ്കിൽ ഓൾറൗണ്ടർ ടാഗിൽ അരുന്ധിയുടെ ആവശ്യം വരുകയുമില്ല.
സ്മൃതി മന്ഥന (വൈസ്-ക്യാപ്റ്റൻ)
പ്രതീക റാവൽ
ഹർലീൻ ഡിയോൾ
ജമീമ റോഡ്രിഗ്സ്
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ)
റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ)
ദീപ്തി ശർമ
അമൻജോത് കൗർ
രാധ യാദവ്
ശ്രീ ചരണി
രേണുക സിങ്/അരുന്ധതി റെഡ്ഡി
യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ)
സ്നേഹ് റാണ
ക്രാന്തി ഗൗഡ്
ഷഫാലി വർമ/പ്രേമ റാവത്ത്