

മത്സരത്തിൽ നിന്ന്
ദുബായ്: അണ്ടർ 19 ഏഷ‍്യകപ്പ് ഫൈനലിൽ ഇന്ത‍്യക്ക് തോൽവി. പാക്കിസ്ഥാനെതിരേ 191 റൺസിനാണ് ഇന്ത‍്യ തോൽവിയറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഉയർത്തിയ 348 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യ 26.2 ഓവറിൽ 156 റൺസിന് കൂടാരം കയറി. 16 പന്തിൽ 36 റൺസ് അടിച്ചെടുത്ത ദീപേഷ് ദേവേന്ദ്രനാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ.
വൈഭവ് സൂര‍്യവംശി (26), മലയാളി താരം ആരോൺ ജോർജ് (16), അഭിജ്ഞാൻ കുണ്ഡു (13), ഖിലൻ പട്ടേൽ (19) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക‍്യാപ്റ്റൻ ആയുഷ് മാത്രെ (2), വിഹാൻ മൽഹോത്ര (7), വേദാന്ത് ത്രിവേദി (9), കനിഷ്ക് ചൗഹാൻ (9), ഹെനിൽ പട്ടേൽ (9) എന്നിവർ നിരാശപ്പെടുത്തി. പാക്കിസ്ഥാനു വേണ്ടി അലി റാസ നാലും മുഹമ്മദ് സയ്യാം, അബ്ദുൾ സുബ്ഹാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഓപ്പണിങ് ബാറ്റർ സമീർ മിൻഹാസിന്‍റെ വെടിക്കെട്ട് പ്രകടനത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 113 പന്തുകൾ നേരിട്ട സമീർ 17 ബൗണ്ടറിയും 9 സിക്സും ഉൾപ്പടെ 172 റൺസാണ് അടിച്ചെടുത്തത്. എന്നാൽ സമീറിന്‍റെ വിക്കറ്റ് നഷ്ടമായതിനു ശേഷം തകർച്ച നേരിട്ട പാക്കിസ്ഥാന് 45 റൺസാണ് ആകെ ചേർക്കാനായത്. സമീറിനു പുറമെ അഹമ്മദ് ഹുസൈൻ അർധസെഞ്ചുറി നേടി.