ഫൈനലും ഈസി...! അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഇന്ത‍്യ നിലനിർത്തി, എതിരില്ലാത്ത തേരോട്ടം

ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ‍്യം 11.2 ഓവറിൽ മറികടന്നാണ് ഇന്ത്യ അനായാസ വിജയം നേടിയത്. ടൂർണമെന്‍റിലെ ഒരു മത്സരത്തിലും ഇന്ത്യക്ക് നേരിയ വെല്ലുവിളി ഉയർത്താൻ പോലും എതിരാളികൾക്കായില്ല
under 19 womens world cup updates
അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത‍്യ
Updated on

ക്വാലാലംപുർ: ഐസിസി അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് ഇന്ത‍്യൻ പെൺകുട്ടികൾ നിലനിർത്തി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ‍്യം 11.2 ഓവറിലാണ് ഇന്ത്യൻ കൗമാര പ്രതിഫകൾ മറികടന്നത്. രണ്ട് വർഷം മുൻപ് ടൂർണമെന്‍റിന്‍റെ പ്രഥമ പതിപ്പിലും ഇന്ത്യ തന്നെയായിരുന്നു ചാംപ്യൻമാർ.

ഓപ്പണർ ജി തൃഷ നൽകിയ മികച്ച തുടക്കമാണ് ഇന്ത‍്യയുടെ വിജയം എളുപ്പമാക്കിയത്. 33 പന്തുകളിൽ 8 ബൗണ്ടറികളടക്കം 44 റൺസാണ് തൃഷ നേടിയത്.

തൃഷയുടെ സഹ ഓപ്പണർ ജി. കമാലിനി 8 റൺസെടുത്ത് പുറത്തായെങ്കിലും, പകരം സാനിക ഛൽക്കെ വന്നതോടെ ഇന്ത്യൻ സ്കോറിങ് കൂളായി പുരോഗമിച്ചു. ടീം സ്കോർ 36ൽ നിൽക്കെയാണ് കമാലിനി മടങ്ങുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത‍്യൻ സ്പിൻ ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 23 റൺസെടുത്ത സിക് വാൻ വൂസ്റ്റിന് മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ഓപ്പണർ ജെമ്മ ബോത്ത (16), ഫേ കൗളിങ് (15) വിക്കറ്റ് കീപ്പർ കരാബോ മീസോ (10) എന്നിവർക്ക് രണ്ടക്കമെങ്കിലും കടക്കാനായി.

ഇന്ത‍്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ തൃഷ ബൗളിങ്ങിലും തിളങ്ങി. ആയുഷി ശുക്ല, വൈഷ്ണവി ശർമ, പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടൂർണമെന്‍റിലെ തന്നെ ഏറ്റവും കൂടുതൽ റൺ നേടിയ ബാറ്ററും തൃഷയാണ്. ഏഴ് മത്സരങ്ങളിൽ 77 റൺ ശരാശരിയോടെ വാരിക്കൂട്ടിയത് 309 റൺസ്. ഇതിൽ അണ്ടർ-19 വനിതാ ടി20 ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ സെഞ്ചുറിയും ഉൾപ്പെടുന്നു. റൺവേട്ടക്കാരുടെ പട്ടികയിൽ 143 റൺസുമായി മൂന്നാം സ്ഥാനത്ത് ഓപ്പണിങ് പങ്കാളി കമാലിനിയുമുണ്ട്.

വിക്കറ്റ് വേട്ടക്കാരിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇന്ത്യൻ ലെഫ്റ്റ് ആം സ്പിന്നർമാരാണ്- വൈഷ്ണവി ശർമയും ആയുഷി ശുക്ലയും. വൈഷ്ണവി 17 വിക്കറ്റ് നേടിയപ്പോൾ ആയുഷിക്ക് 14 വിക്കറ്റുണ്ട്. പരുണിക സിസോദിയ 10 വിക്കറ്റുമായി നാലാം സ്ഥാനത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com