
ക്വലാലംപുർ: അണ്ടർ-19 പെൺകുട്ടികളുടെ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാമത്തെ ജയം. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെ നാലോവറിൽ കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ മലേഷ്യക്കെതിരേ വെറും 17 പന്തിൽ വിജയം കണ്ടു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ നിക്കി പ്രസാദ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. 14.3 ഓവറിൽ 31 റൺസ് മാത്രമാണ മലേഷ്യൻ പെൺകുട്ടികൾക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. ഇന്ത്യ 2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം നേടി; പത്ത് വിക്കറ്റ് ജയവും കുറിച്ചു.
നാലോവറിൽ വെറും അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ലെഫ്റ്റ് ആം സ്പിന്നർ വൈഷ്ണവി ശർമയാണ് മലേഷ്യൻ ബാറ്റിങ് നിരയുടെ പതനം വേഗത്തിലാക്കിയത്.
മറ്റൊരു ലെഫ്റ്റ് ആം സ്പിന്നർ ആയുഷി ശുക്ല 3.3 ഓവറിൽ എട്ട് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, മലയാളി പേസ് ബൗളർ വി.ജെ. ജോഷിത രണ്ടോവറിൽ അഞ്ച് റൺസിന് ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ജി. തൃഷയും ജി. കമാലിനിയും ചേർന്നാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തന്‍റെ രണ്ടാമത്തെ അണ്ടർ-19 ലോകകപ്പ് കളിക്കുന്ന തൃഷ 12 പന്തിൽ 27 റൺസെടുത്ത് പുറത്താകാതെ നിന്നു. വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമാലിനി പുറത്താകാതെ നാല് റൺസും നേടി.