

ആരോൺ ജോർജ്, മുഹമ്മദ് ഇനാൻ.
സിംബാബ്‌വെയിൽ ആരംഭിക്കുന്ന അണ്ടർ-19 ലോകകപ്പിൽ കിരീടപ്രതീക്ഷയോടെ ഇന്ത്യ കളത്തിലിറങ്ങുന്നു. ആദ്യ പോരാട്ടത്തിൽ യുഎസ്എയാണ് എതിരാളികൾ. വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ള താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രണ്ടു മലയാളികളും ടീമിൽ. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശും ന്യൂസിലാൻഡുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ.
ബുലവായോ: കൗമാര ക്രിക്കറ്റിലെ ലോകരാജാക്കന്മാരാകാൻ ഇന്ത്യ വീണ്ടും ഇറങ്ങുന്നു. സിംബാബ്‌വെയും നമീബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അണ്ടർ-19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യ വ്യാഴാഴ്ച യുഎസ്എയെ നേരിടും.
വിരാട് കോഹ്‌ലി, രോഹിത് ശർമ, ശുഭ്മൻ ഗിൽ തുടങ്ങിയ പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തിയ ഈ വേദിയിൽ മറ്റൊരു യുവനിര കൂടി ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്.
ഐപിഎൽ താരം ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യൻ നിരയിൽ ലോകം ഉറ്റുനോക്കുന്ന നിരവധി താരങ്ങളുണ്ട്. ഐപിഎല്ലിൽ 35 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡ് ഇട്ട 14-കാരൻ വൈഭവ് സൂര്യവംശിയാണ് ഇതിൽ പ്രധാനി.
ഏഷ്യ കപ്പിലെ ടോപ് സ്കോറർ ആരോൺ ജോർജ്, വൈസ് ക്യാപ്റ്റൻ വിഹാൻ മൽഹോത്ര എന്നിവർ ബാറ്റിങ്ങിനു കരുത്തേകും. ബൗളിങ്ങിൽ വ്യത്യസ്ത ആക്ഷൻ കൊണ്ട് ശ്രദ്ധേയനായ ദീപേഷ് ദേവേന്ദ്രൻ ഇന്ത്യയുടെ എക്സ്-ഫാക്റ്റർ ആയേക്കും. ആർ.എസ്. അംബരീഷ്, കിഷൻ സിങ് എന്നിവരാണ് പേസ് നിരയിലെ മറ്റുള്ളവർ. സ്പിൻ വിഭാഗത്തിലെ പ്രമുഖനാണ് മലയാളി താരം മുഹമ്മദ് ഇനാൻ.
അണ്ടർ-19 ലോകകപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ (അഞ്ച് തവണ) കിരീടം നേടിയ ടീമാണ് ഇന്ത്യ. 2000, 2008, 2012, 2018, 2022 വർഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. കഴിഞ്ഞ തവണ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് കൈവിട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ടീം ഇറങ്ങുന്നത്.
ന്യൂസിലാൻഡ്, ബംഗ്ലാദേശ്, അമേരിക്ക എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. യുഎസ്എക്കെതിരായ മത്സരത്തിന് ശേഷം ജനുവരി 17-ന് ബംഗ്ലാദേശിനെയും 24-ന് ന്യൂസിലാൻഡിനെയും ഇന്ത്യ നേരിടും. ടാൻസാനിയ, ജപ്പാൻ തുടങ്ങിയ ടീമുകളുടെ സാന്നിധ്യം ഇത്തവണത്തെ ലോകകപ്പിന് പുതുമയേകും.