

അണ്ടർ-19 ലോകകപ്പ് കിരീട നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.
ഹരാരെ: ആറാം വട്ടവും ഇന്ത്യ അണ്ടർ-19 ലോകകപ്പിൽ ചാംപ്യൻമാരായി. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഇത്തവണത്തെ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ കൗമാരപ്പട മുട്ടുകുത്തിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനത്തെ സാധൂകരിച്ചുകൊണ്ട്, നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് ഇന്ത‍്യ അടിച്ചു കൂട്ടിയത്. ഇംഗ്ലണ്ടിന്‍റെ മറുപടി 40.2 ഓവറിൽ 311 റൺസിൽ അവസാനിച്ചു.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ഇംഗ്ലീഷ് പടയെ വിറപ്പിച്ച വൈഭവ് സൂര‍്യവംശിയുടെ തിളക്കമാർന്ന സെഞ്ചുറിയാണ് ഇന്ത‍്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. 80 പന്തുകൾ നേരിട്ട താരം 15 സിക്സും 15 ബൗണ്ടറിയും ഉൾപ്പടെ 175 റൺസ് അടിച്ചെടുത്തു. ഏകദിനത്തിൽ ടി20 കളിച്ച വൈഭവിന് 25 റൺസിനാണ് ഇരട്ടസെഞ്ചുറി നഷ്ടമായത്.
വൈഭവിനു പുറമെ ക‍്യാപ്റ്റൻ ആയുഷ് മാത്രെ മാത്രമാണ് അർധസെഞ്ചുറി നേടിയത്. 51 പന്തിൽ 53 റൺസാണ് ആയുഷ് നേടിയത്. അതേസമയം, മലയാളി ഓപ്പണർ ആരോൺ ജോർജിന് തിളങ്ങാനായില്ല. 9 റൺസെടുത്ത് മടങ്ങി. വേദാന്ത് ത്രിവേദി 32 റൺസും വിഹാൻ മൽഹോത്ര 30 റൺസും നേടി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. 20 പന്തിൽ പുറത്താകാതെ 37 റൺസെടുത്ത കനിഷ്ക് ചൗഹാനാണ് സ്കോർ 400 കടത്തിfയത്.
വൈഭവ് പുറത്തായ ശേഷം ടീമിന്‍റെ റൺറേറ്റ് കുറഞ്ഞു. ആറാം വിക്കറ്റിൽ അഭിജ്ഞാൻ കുണ്ഡുവും (40) ആർ.എസ്. അംബരീഷും (18) ചേർന്ന് 50 റൺസ് കൂട്ടുകെട്ട് ഉയർത്തി റൺസ് ഉയർത്തിയെങ്കിലും ഇംഗ്ലണ്ട് ബൗളർമാർക്കു മുന്നിൽ പിടികൊടുത്ത് മടങ്ങി. പിന്നീടായിരുന്നു കനിഷ്കിന്‍റെ ഫിനിഷിങ് ടച്ച്.
സെഞ്ചുറി നേടിയ വൈഭവ് സൂര‍്യവംശിയുടെ ആഹ്ലാദ പ്രകടനം
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടും പരമാവധി പൊരുതി. ഓപ്പണർ ബെൻ ഡോക്കിൻസും (66) വൺഡൗൺ ബാറ്റർ ബെൻ മെയസും (45) പുറത്തായ ശേഷം അവർക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ഒരു ഘട്ടത്തിൽ 177/7 എന്ന നിലയിൽ തകർന്ന ടീമിനെ സെഞ്ചുറി നേടിയ അഞ്ചാം നമ്പർ ബാറ്റർ കാലബ് ഫാൽക്കനർ (67 പന്തിൽ 115) ഏറെ നേരം ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചു. പത്താം വിക്കറ്റിന്‍റെ രൂപത്തിലാണ് ഫാൽക്കനർ പുറത്തായത്.
ഇന്ത്യക്കു വേണ്ടി ആർ.എസ്. അംബരീഷ് മൂന്ന് വിക്കറ്റ് നേടി. ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, ഖിലൻ പട്ടേലും ആയുഷ് മാത്രെയും ഓരോ വിക്കറ്റ് സ്വന്തമാക്കി. പ്ലെയർ ഒഫ് ദ മാച്ച് ആയും പ്ലെയർ ഒഫ് ദീ സീരീസ് ആയും വൈഭവ് സൂര്യവംശി തെരഞ്ഞെടുക്കപ്പെട്ടു.