
സഞ്ജുവിന്‍റെ അർധസെഞ്ചുറി തുണച്ചില്ല; കേരളം 219ന് പുറത്ത്
തിരുവനന്തപുരം: മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം 219 റൺസിന് പുറത്തായി. മഹാരാഷ്ട്രയ്ക്കു വേണ്ടി ജലജ് സക്സേന മൂന്നും മുകേഷ് ചൗധരി, രജനീഷ് ഗുർബാനി, വിക്കി ഒട്സ്വാൾ എന്നിവർ രണ്ടും അർഷിൻ കുൽക്കർണി ഒരു വിക്കറ്റും വീഴ്ത്തി.
മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ ബാറ്റിങ് തകർച്ച നേരിട്ട കേരളത്തിനെ സഞ്ജു സാംസണാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്. 63 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 54 റൺസ് അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്.
സഞ്ജു തന്നെയാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. സഞ്ജു കരകയറ്റിയ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ വാലറ്റത്തിന് സാധിക്കാതെ വന്നതോടെയാണ് ടീമിന്‍റെ ഇന്നിങ്സ് 219 റൺസിൽ അവസാനിച്ചത്.
സഞ്ജുവും ക‍്യാപ്റ്റൻ അസറുദ്ദീനും പുറത്തായതിനു പിന്നാലെ സൽമാൻ നിസാറിനു (49) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. അങ്കിത് ശർമ (17), ഏദൻ ആപ്പിൾ ടോം (4) എം.ഡി. നിധീഷ് (4) എന്നിവർ നിരാശപ്പെടുത്തി. നേരത്തെ ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസിന് പുറത്തായിരുന്നു. 91 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദായിരുന്നു ടീമിന്‍റെ ടോപ് സ്കോറർ. ഗെയ്‌ക്‌വാദിനു പുറമെ ജലജ് സക്സേനയ്ക്കു മാത്രമാണ് തിളങ്ങാനായത്.