അല്‍കരാസ് വീണു ജോക്കോവിച്ച്- മെദ്വദേവ് ഫൈനല്‍

ചരിത്രത്തിലേക്ക് ഒരു ജയത്തിന്‍റെ അകലം മാത്രമാണ് ജോക്കോവിച്ചിനു വേണ്ടത്.
അല്‍കരാസ് വീണു ജോക്കോവിച്ച്- മെദ്വദേവ് ഫൈനല്‍

ന്യൂയോര്‍ക്ക്: അല്‍കരാസും വീണു, യു എസ് ഓപ്പണില്‍ ജോക്കോവിച്ച്- മെദ്വദേവ് സ്വപ്ന ഫൈനല്‍. ചരിത്രത്തിലേക്ക് ഒരു ജയത്തിന്‍റെ അകലം മാത്രമാണ് ജോക്കോവിച്ചിനു വേണ്ടത്. 24-ാം ഗ്രാന്‍ഡ് ലക്ഷ്യമാക്കി സെര്‍ബിയയുടെ ഇതിഹാസതാരം നൊവാക്ക് ജോക്കോവിച്ച് യു.എസ്.ഓപ്പണിന്‍റെ ഫൈനലില്‍ കടന്നു. വമ്പന്‍ അട്ടിമറികള്‍ നടത്തി സെമി ഫൈനലിലെത്തിയ അമേരിക്കന്‍ യുവതാരം ബെന്‍ ഷെല്‍ട്ടണെ അനായാസം മറികടന്നാണ് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍ 6-3, 6-2, 7-6.

മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തി ഡാനില്‍ മെദ്വദേവും ഫൈനലിലെത്തി. ജോക്കോവിച്ചിന്‍റെ 10-ാം യു.എസ്.ഓപ്പണ്‍ ഫൈനല്‍ പ്രവേശനമാണിത്. ജോക്കോയുടെ പരിചയസമ്പത്തിന് മുന്നില്‍ ഷെല്‍ട്ടണിന് പിടിച്ചുനില്‍ക്കാനായില്ല.36 കാരനായ ജോക്കോവിച്ച് യു.എസ്.ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കിരീടം നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ട് സ്വന്തമാക്കിയ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരത്തിനുള്ള റെക്കോഡ് ജോക്കോവിച്ചും സ്വന്തമാക്കി.ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വെദേവ് നിലവിലെ ചാംപ്യന്‍ അല്‍ക്കരാസിനെ കീഴടക്കിയത്. ആദ്യ രണ്ട് സെറ്റും നേടിയ മെദ്വദേവിനെതിരേ മൂന്നാം സെറ്റില്‍ അല്‍കരാസ് തിരിച്ചടിച്ചു. തിരിച്ചുവരവിനുള്ള ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അതിനനുവദിക്കാതെ നാലാം സെറ്റും നേടിക്കൊണ്ട് റഷ്യന്‍ താരം മെദ്വദേവ് ഫൈനലിലേക്ക് കുതിച്ചു. സ്കോര്‍: 6-3, 6-1, 3-6, 6-3.

2021ലെ യു.എസ്.ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചും മെദ്വെദേവും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് ജോക്കോവിച്ചിനെ മലര്‍ത്തിയടിച്ച് മെദ്വദേവ് കിരീടമുയര്‍ത്തി. അതുകൊണ്ട് മത്സരത്തില്‍ മെദ്വദേവിനാണ് മുന്‍തൂക്കമെന്നു പറയാം.

എന്നാല്‍, ജോക്കോവിച്ചിനെ റെക്കോഡ് തുറിച്ചു നോക്കുമ്പോള്‍ പിഴവുകളില്ലാതെ അദ്ദേഹം കളിക്കുമെന്നു കരുതാം. എന്തായാലും സമീപകാലത്തെ മികച്ച ഒരു ഫൈനലിന് ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആര്‍ഷെ സ്റ്റേഡിയം സാക്ഷിയാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com