സിഡ്നി ടെസ്റ്റിനു ശേഷം ഖവാജ പടിയിറങ്ങുന്നു

വാർത്താ സമ്മേളനത്തിലൂടെയാണ് ഖവാജ ഇക്കാര‍്യം അറിയിച്ചത്.
usman khawaja announces retirement from cricket after sydney test against england

ഉസ്മാൻ ഖവാജ

Updated on

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരേ സിഡ്നിയിൽ ജനുവരി നാലിന് നടക്കുന്ന അഞ്ചാം ടെസ്റ്റ് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് ഖവാജ വ‍്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെയാണ് ഖവാജ ഇക്കാര‍്യം അറിയിച്ചത്.

15 വർഷത്തെ നീണ്ട ക്രിക്കറ്റ് കരിയറിനാണ് ഖവാജ വിട പറയുന്നത്. പാക്കിസ്ഥാനിൽ ജനിച്ച താരം ഓസ്ട്രേലിയക്കു വേണ്ടി 87 ടെസ്റ്റ് മത്സരങ്ങളും 40 ഏകദിന മത്സരങ്ങളും 9 ടി20 യും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 16 സെഞ്ചുറി അടക്കം 6,206 റൺസും ഏകദിനത്തിൽ 2 സെഞ്ചുറിയും 12 അർധസെഞ്ചുറിയും ഉൾപ്പടെ 1,554 റൺസും ടി20യിൽ 241 റൺസും ഖവാജ നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റിൽ നേടിയ ഇരട്ടസെഞ്ചുറിയാണ് (232) താരത്തിന്‍റെ ഉയർന്ന വ‍്യക്തിഗത സ്കോർ.

ക്രിക്കറ്റ് മികച്ച ഓർമകൾ സമ്മാനിച്ചെന്നും കളിക്കളത്തിനു പുറമെ സൗഹൃദങ്ങൾ നൽകിയെന്നും മാതാപിതാക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നുള്ള മുസ്‌ലിമിന് ഓസീസിനു വേണ്ടി കളിക്കാൻ സാധിക്കില്ലെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നുവെന്നും ഖവാജ കൂട്ടിച്ചേർത്തു.

2011ൽ സിഡ്നിയിലാണ് ഖവാജ ഓസീസിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇതിഹാസ താരം റിക്കി പോണ്ടിങ്ങിന് പരുക്കേറ്റതാണ് ഖവാജയ്ക്ക് അരങ്ങേറ്റ മത്സരം കളിക്കാനുള്ള വഴി തുറന്നത്. അതേസമയം, അവസാന ആഷസ് പരമ്പരയിൽ അത്ര മികച്ച പ്രകടനം താരത്തിന് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 5 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി ഉൾപ്പെടെ 153 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നീട് പെർത്തിൽ നടന്ന ടെസ്റ്റിൽ പരുക്കേറ്റു പുറത്തായി. പകരക്കാരനായി ട്രാവിസ് ഹെഡാണ് ആ മത്സരത്തിൽ കളിച്ചത്. ബ്രിസ്ബെയ്‌ൻ ടെസ്റ്റിലും താരം കളിച്ചിരുന്നില്ല. എന്നാൽ അഡ്‌ലെയ്ഡ് ടെസ്റ്റിൽ‌ സ്റ്റീവ് സ്മിത്തിന് പരുക്കേറ്റതോടെ വീണ്ടും ഒരവസരം ഖവാജയെ തേടിയെത്തി. മൂന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 122 റൺസ് താരം അടിച്ചെടുത്തിരുന്നു. എന്നാൽ നാലാം ടെസ്റ്റിൽ ആദ‍്യ ഇന്നിങ്സിൽ 29 റൺസും രണ്ടാം ഇന്നിങ്സിൽ പൂജ‍്യത്തിനു പുറത്താവുകയായിരുന്നു. ഇതോടെയാണ് ഖവാജ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com