

ഉസ്മാൻ ഖവാജ
ഗാബ: ഡിസംബർ നാലിന് ബ്രിസ്ബെയ്നിലെ ഗാബയിൽ വച്ച് ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റ് ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ ഒന്നാം ആഷസ് ടെസ്റ്റിനിടെയുണ്ടായ പരുക്കാണ് താരത്തിന് വിനയായത്.
രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമാവുമെങ്കിലും ഖവാജ ടീമിനൊപ്പം തന്നെ തുടരും. ഖവാജയ്ക്ക് പകരമായി ഇതുവരെ ഓസീസ് ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജോഷ് ഇംഗ്ലിസ്, ബ‍്യൂ വെബ്സ്റ്റർ എന്നിവരിലൊരാളായിരിക്കും ഖവാജയ്ക്ക് പകരം രണ്ടാം ടെസ്റ്റിൽ കളിക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആദ‍്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഖവാജയ്ക്കു പകരം ഓപ്പണിങ്ങിറങ്ങിയ ട്രാവിസ് ഹെഡ് സെഞ്ചുറി നേടിയിരുന്നു.
അതിനാൽ ഖവാജയ്ക്ക് പകരം ഹെഡിനെ ഓപ്പണിങ് ബാറ്ററായി ഓസീസ് പരീക്ഷിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ‍്യ ടെസ്റ്റ് വിജയം നേടിയതോടെ 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലാണ് ഓസീസ്.
രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി, ബ്രണ്ടൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, നേഥൻ ലിയോൺ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ.