

വൈഭവ് സൂര‍്യവംശി
ദുബായ്: അണ്ടർ 19 ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ യുഎഇക്കെതിരേ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി യുവതാരം വൈഭവ് സൂര‍്യവംശി. 56 പന്തിൽ സെഞ്ചുറി തികച്ച താരം 95 പന്തിൽ 171 റൺസാണ് അടിച്ചെടുത്തത്. 14 സിക്സും 9 ബൗണ്ടറികളുമാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്.
കരുതലോടെയാണ് വൈഭവ് ആദ‍്യം ബാറ്റു വീശിയതെങ്കിലും പിന്നീട് ആക്രമണോത്സുക പുറത്തെടുത്ത് യുഎഇ ബൗളർമാരെ തല്ലിതകർക്കുകയായിരുന്നു. 9 ഓവർ പൂർത്തിയായപ്പോഴായിരുന്നു ടീം സ്കോർ 50 കടന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ് ഇന്ത‍്യ.
ക‍്യാപ്റ്റൻ ആയുഷ് മാത്രെ (4), മലയാളി താരം ആരോൺ ജോർജ് (69), വൈഭവ് സൂര‍്യവംശി എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടുകെട്ടാണ് വൈഭവും ആരോൺ ജോർജും പടുത്തുയർത്തിയത്. 73 പന്തിൽ 7 ബൗണ്ടറിയും 1 സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്‍റെ ബാറ്റിങ് പ്രകടനം.