അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് വൈഭവ് സൂര്യവംശി; സഞ്ജു സാംസണ് പകരം പ്ലേയിങ് ഇലവനിൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ വൈഭവ് ഓപ്പണർ
Vaibhav Suryavanshi debut

വൈഭവ് സൂര്യവംശി

Updated on

മാഞ്ചസ്റ്റർ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹം സഫലമായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് തീർത്തിരുന്ന ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണ് പകരമാണ് 15കാരനായ വൈഭവിനെ ഉൾപ്പെടുത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി.

കഴിഞ്ഞയാഴ്ച നടന്ന അയർലൻഡിനെതിരായ ടി20 പര്യടനത്തിൽ ടീമിൽ ഉണ്ടായിട്ടും വൈഭവിനു അരങ്ങേറ്റം കുറിക്കാൻ സാധിച്ചിരുന്നില്ല. ഐപിഎല്ലിലെ മിന്നും പ്രകടനത്തിനു പിന്നാലെ വൈഭവിനു ഇന്ത്യൻ സീനിയർ ടീമിൽ ഇടം നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായിരുന്നു. ഇതിനാണ് ഇപ്പോൾ പരിസമാപ്തി ആയിരിക്കുന്നത്. ഇന്ത്യയുടെ വിരമിച്ച താരങ്ങൾ ഉൾപ്പെടെ ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. പതിനാറാം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് വൈഭവ് മറികടന്നത്.

അഞ്ചു മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്. ഇതിൽ ആദ്യത്തെ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു. അഭിഷേക് ശർമയ്ക്കൊപ്പമാണ് വൈഭവ് ക്രീസിൽ ഇറങ്ങുക. ഇഷാൻ കിഷൻ, തിലക് വർമ, ഹർഷിത് റാണ, ശിവം ദുബൈ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, അർഷദീപ് സിങ് എന്നിവരാണ് പ്ലേയിങ് ഇലവനിലുള്ളത്. സഞ്ജുവില്ലാത്തതിനാൽ ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ.

logo
Metro Vaartha
www.metrovaartha.com