മെസിയുടെ വരുംവരായ്കകൾ...!

മെസിയും അർജന്‍റീനയും കേരളത്തിൽ വരുന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം. കേരള സന്ദർശനം പ്രഖ്യാപിച്ച സമയത്ത് അർജന്‍റീന ടീമിനു മറ്റു രാജ്യങ്ങളിൽ മത്സരങ്ങൾ
ലയണൽ മെസി വരുമോ വരില്ലേ? Messi Kerala visit in confusion

കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍റെ പശ്ചാത്തലത്തിൽ ലയണൽ മെസി.

MV Graphics - AI generated

Updated on

സ്പോർട്സ് ലേഖകൻ

ലയണൽ മെസിയും അർജന്‍റീന ടീമും കേരളത്തിൽ പന്തു കളിക്കാൻ വരുന്ന കാര്യം അവസാനമില്ലാത്തൊരു പെനൽറ്റി ഷൂട്ടൗട്ട് പോലെ നീണ്ടു പോകുകയാണ്. നവംബർ 14ന് കോഴിക്കോട്ട് റോഡ് ഷോയും 17ന് കൊച്ചിയിൽ അർജന്‍റീന - ഓസ്ട്രേലിയ അന്താരാഷ്ട്ര സൗഹൃദ മത്സരവുമൊക്കെ പ്രഖ്യാപിച്ച്, അയ്യായിരം രൂപ മുതൽ ടിക്കറ്റ് നിരക്കും പരസ്യപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഗോൾ പോസ്റ്റിനു മുന്നിൽ വച്ചൊരു ബാക്ക് പാസ് പോലെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിയുന്നത്.

ഫിഫ വിൻഡോയിൽ വരുന്ന മത്സരങ്ങളുടെ ക്രമം അനുസരിച്ച്, നവംബർ മധ്യത്തിൽ ദേശീയ ടീം കളിക്കുന്ന മത്സരങ്ങൾ കേരളത്തിലോ ഇന്ത്യയിലോ ഏഷ്യയിലോ പോലുമല്ല. അർജന്‍റൈൻ മാധ്യമമായ ലാ നാസിയോൺ (La Nación) റിപ്പോർട്ട് ചെയ്തതനുസരിച്ച്, നവംബർ 11 മുതൽ 19 വരെയുള്ള ഫിഫ വിൻഡോയിൽ അർജന്‍റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത് അംഗോളയിലാണ്. ഇതിനു പുറമേ, അർജന്‍റീനയുടെ ഷെഡ്യൂളിൽ ചിലി, ഉറുഗ്വേ ടീമുകൾക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യ സന്ദർശനമോ ഓസ്ട്രേലിയയുമായുള്ള മത്സരമോ എവിടെയും പരാമർശിക്കപ്പെടുന്നില്ല. നേരത്തെ അർജന്‍റൈൻ പ്രതിനിധികൾ സ്റ്റേഡിയം പരിശോധിക്കാൻ കൊച്ചിയിലെത്തുന്നിടത്തോളം കാര്യങ്ങൾ പുരോഗമിച്ചിരുന്നെങ്കിലും, എതിരേ കളിക്കാനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് പരസ്യമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

ലയണൽ മെസി ഉൾപ്പെടുന്ന, ലോകകപ്പ് ജേതാക്കളായ അർജന്‍റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന വാർത്തകൾ സംസ്ഥാനത്തെ ഫുട്‌ബോൾ പ്രേമികൾക്ക് വലിയ ആവേശമായിരുന്നു. ഇതിനായി സംസ്ഥാന സർക്കാർ വലിയ പരിശ്രമവും നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, നവംബറിൽ ഇന്ത്യയിൽ പര്യടനം നടത്താനുള്ള ആലോചനകൾ പരാജയപ്പെട്ടെന്നാണ് അർജന്‍റീനയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരാർ വ്യവസ്ഥകൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് സന്ദർശനം റദ്ദാക്കാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.

കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശോധന നടത്തിയ അർജന്‍റൈൻ പ്രതിനിധികൾ ഇവിടത്തെ സൗകര്യങ്ങളിൽ തൃപ്തരല്ലെന്ന സൂചനയും പുറത്തുവരുന്നു. 'ആവർത്തിച്ചുള്ള കരാർ ലംഘനങ്ങളാണ്" (repeated breaches) മത്സരം നടത്താൻ വിഘാതമാകുന്നതെന്നാണ് AFA ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, അർജന്‍റീനയുടെ വരവ് റദ്ദാക്കിയതായോ മാറ്റിവച്ചതായോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഇല്ലാത്തതിനാൽ, ആരാധകരുടെ പ്രതീക്ഷകൾ ഇപ്പോഴും പൂർണമായി അസ്തമിച്ചിട്ടുമില്ല. നവംബർ 10 മുതൽ 18 വരെയാണ് ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള വിൻഡോ. ഔദ്യോഗിക ഷെഡ്യൂൾ ഉടൻ AFA പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സരത്തിന്‍റെ സംഘാടകരായ സ്വകാര്യ കമ്പനിയാകട്ടെ, നവംബർ 17നു തന്നെ മത്സരം നടക്കുമെന്ന ഉറച്ച നിലപാടിലുമാണ്. AFAയിൽ നിന്ന് തങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും, എല്ലാ ഡോക്യുമെന്‍റേഷനുകളും സാമ്പത്തിക കാര്യങ്ങളും പൂർത്തിയാക്കിയതായും സംഘാടകർ പറയുന്നു.

നവംബറിലെ മത്സരം റദ്ദാക്കിയെങ്കിലും, 2026 മാർച്ചിലേക്ക് മത്സരം മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി AFA ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടിൽ സൂചനയുണ്ട്.

പ്രമുഖ അർജന്‍റീന ഫുട്‌ബോൾ പത്രപ്രവർത്തകനായ ഗാസ്‌തോൺ എഡ്യൂളും (Gastón Edul) അർജന്‍റീനയുടെ ഇന്ത്യ സന്ദർശന പരിപാടി പരാജയപ്പെട്ടെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. നവംബറിലെ ഒരു സൗഹൃദമത്സരം അംഗോളയിൽ ഉറപ്പിച്ച അർജന്‍റീന, രണ്ടാമത്തെ മത്സരം ഇന്ത്യയ്ക്ക് പകരം മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദീർഘദൂര യാത്ര ഒഴിവാക്കാനും കളിക്കാരുടെ ജോലിഭാരം കുറയ്ക്കാനുമാണ് ഈ നീക്കമെന്നാണ് വിവരം.

അതേസമയം, മെസിയെയും ടീമിനെയും വരവേൽക്കാൻ 70 കോടി രൂപ ചെലവഴിച്ച് കൊച്ചി സ്റ്റേഡിയം നവീകരിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. 50,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നവീകരണം. മെസിയും അർജന്‍റീന ടീമും നവംബർ 15-ന് കൊച്ചിയിലെത്തുമെന്നും, മത്സരത്തിന് മുന്നോടിയായി എ.ആർ. റഹ്മാന്‍റെ സംഗീത പരിപാടിയും ഡ്രോൺ ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com