75 പന്തിൽ 157 റൺസ്; സർഫറാസ് ഖാന്‍റെ വെടിക്കെട്ടിൽ മുംബൈയ്ക്ക് ജയം

87 റൺസിനാണ് മുംബൈ വിജയിച്ചത്
vijay hazare mumbai vs goa match updates

സർഫറാസ് ഖാൻ

Updated on

ജയ്പൂർ: ഗോവയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മുംബൈയ്ക്ക് ജയം. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഉയർത്തിയ 448 റൺസെന്ന കൂറ്റൻ വിജയലക്ഷ‍്യം മറികടക്കാൻ ഗോവയ്ക്ക് കഴിഞ്ഞില്ല. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഗോവ 9 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് അടിച്ചു. ഇതോടെ 87 റൺസിന് മുംബൈ വിജയിച്ചു.

75 പന്തിൽ 14 സിക്സും 9 ബൗണ്ടറിയും ഉൾപ്പടെ 157 റൺസ് അടിച്ചു കൂട്ടിയ സർഫറാസ് ഖാന്‍റെ സെഞ്ചുറിയുടെ ബലത്തിലാണ് മുംബൈ ഗോവയ്ക്കെതിരേ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സർഫറാസിനു പുറമെ മുഷീർ ഖാൻ‌ (66 പന്തിൽ 60), ഹാർദിക് താമോർ (28 പന്തിൽ 53) എന്നിവർ അർധസെഞ്ചുറി നേടി. മുംബൈയുടെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന് (64 പന്തിൽ 46) നാലു റൺസിന് അർധസെഞ്ചുറി നഷ്ടമായി.

ഗോവയ്ക്കു വേണ്ടി ദർശൻ മിഷാൽ മൂന്നും വസുകി കൗശിക്, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. അർജുൻ‌ ടെൻഡുൾക്കർ 8 ഓവർ പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല. 78 റൺസാണ് താരം വഴങ്ങിയത്. ഗോവയ്ക്കു വേണ്ടി അഭിനവ് തേജ്റാണ (70 പന്തിൽ 100) സെഞ്ചുറിയും ലളിത് യാദവ് (64 പന്തിൽ 66) ക‍്യാപ്റ്റൻ ദീപ്രാജ് ഗാവോൻഖർ (28 പന്തിൽ 70) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും വിജയലക്ഷ‍്യം മറികടക്കാനായില്ല.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ടീം സ്കോർ 30ൽ നിൽക്കെ ആദ‍്യ വിക്കറ്റ് നഷ്ടമായി. 11 റൺസ് നേടിയ അംഗ്കൃഷ് രഘുവംശിയാണ് പുറത്തായത്. പിന്നാലെയെത്തിയ മുഷീർ ജയ്സ്വാളിനൊപ്പം ചേർന്ന് 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ 21-ാം ഓവറിൽ ജയ്സ്വാളും മടങ്ങി.

തുടർന്ന് ക്രീസിലെത്തിയ സർഫറാസ് ബൗളർമാരെ തല്ലിതകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മുഷീർ ഖാനൊപ്പം ചേർന്ന് 93 കൂട്ടുകെട്ട് നേടാനായതോടെ ടീം സ്കോർ ഉയർന്നു. മുഷീർ പുറത്താവുമ്പോൾ 194 റൺസുണ്ടായിരുന്നു ടീമിന്. ഒടുവിൽ 42-ാം ഓവറിൽ സർ‌ഫറാസും മടങ്ങി. സിദ്ധേഷ് ലാഡ് (17), ശാർദുൽ ഠാക്കൂർ (8 പന്തിൽ 27), ഷംസ് മുലാനി (22), തനുഷ് കൊട്ടിയാൻ (23), തുഷാർ ദേഷ്പാണ്ഡെ (7) എന്നിവരും ചെറിയ സംഭാവനകൾ നൽകിയതോടെ ടീം സ്കോർ 400 കടന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com