വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി

രാജസ്ഥാൻ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തപ്പോൾ കേരളം 67 റൺസിന് ഓൾഔട്ടായി
Mahipal Lomror
Mahipal Lomrorfile
Updated on

സൗരാഷ്‌ട്ര: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ കേരളം രാജസ്ഥാനോട് ദയനീയമായി പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ 8 വിക്കറ്റ് നഷ്‍ടത്തിൽ 267 റൺസെടുത്തു. കേരളം 21 ഓവറിൽ വെറും 67 റൺസിന് ഓൾഔട്ടായപ്പോൾ രാജസ്ഥാൻ 200 റൺസിന്‍റെ കൂറ്റൻ വിജയവുമായി സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ഇന്ത്യൻ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ട സഞ്ജു സാംസണിന്‍റെ അഭാവത്തിൽ രോഹൻ കുന്നുമ്മലാണ് കേരളത്തെ ക്വാർട്ടർ ഫൈനലിൽ നയിച്ചത്. ടോസ് നേടിയ രോഹൻ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാൻ ഒരു ഘട്ടത്തിൽ 108/4 എന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും മഹിപാൽ ലോംറോറും കുനാൽ സിങ് റാത്തോഡും ഒരുമിച്ച 116 റൺസിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവരെ മോശമല്ലാത്ത സ്കോറിലേക്കു നയിക്കുകയായിരുന്നു. 114 പന്തിൽ ആറ് വീതം ഫോറും സിക്സും നേടിയ ലോംറോർ പുറത്താകാതെ നിന്നു. റാത്തോഡ് 62 പന്തിൽ 66 റൺസെടുത്തു.

രാജസ്ഥാൻ ഓപ്പണർമാരെ പുറത്താക്കിയ ഓപ്പണിങ് ബൗളർ അഖിൻ സത്താറാണ് കേരളത്തിന് തുടക്കത്തിൽ മേൽക്കൈ നൽകിയത്. പത്തോവറിൽ 62 റൺസ് വഴങ്ങിയ അഖിൻ ആകെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ന്യൂബോൾ പങ്കാളി ബേസിൽ തമ്പി 57 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പേസ് ബൗളിങ് ഓൾറൗണ്ടർ അഖിൽ സ്കറിയ, സ്പിന്നർമാരായ വൈശാഖ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ എന്നിവർക്ക് ഓരോ വിക്കറ്റ് കിട്ടി.

എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും കേരള ബാറ്റർമാർക്ക് നിലയുറപ്പിക്കാൻ സാധിച്ചില്ല. സച്ചിൻ ബേബി (28) രോഹൻ കുന്നുമ്മൽ (11) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്. രാജസ്ഥാനു വേണ്ടി ഇടങ്കയ്യൻ പേസ് ബൗളർ അനികേത് ചൗധരി നാല് വിക്കറ്റ് വീഴ്ത്തി. അരാഫത് ഖാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മുൻ ഇന്ത്യൻ താരം ഖലീൽ അഹമ്മദിന് രണ്ടു വിക്കറ്റും കിട്ടി. ആകെ മൂന്നു ബൗളർമാരെയേ രാജസ്ഥാന് ഉപയോഗിക്കേണ്ടി വന്നുള്ളൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com