വിജയ് ഹസാരെ ട്രോഫി: മുംബൈയെ തോൽപ്പിച്ച് തമിഴ്‌നാട് സെമിയിൽ

ആദ്യം ബാറ്റ് ചെയ്ത മുംബൈ 227 റൺസിന് ഓൾഔട്ടായി. തമിഴ്‌നാട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ബാബാ ഇന്ദ്രജിത്ത് സെഞ്ചുറിയോടെ പുറത്താകാതെ നിന്നു.
Baba Indrajith
Baba IndrajithFile
Updated on

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ മുംബൈക്ക് തോൽവി. ഏഴ് വിക്കറ്റ് വിജയവുമായി ദിനേശ് കാർത്തിക് നയിക്കുന്ന തമിഴ്‌നാട് സെമി ഫൈനലിലേക്കു മുന്നേറി.

ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, 48.3 ഓവറിൽ അവർ 227 റൺസിന് ഓൾഔട്ടായി. തമിഴ്‌നാട് 43.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം നേടുകയും ചെയ്തു.

59 റൺസെടുത്ത വിക്കറ്റ് കീപ്പർ പ്രസാദ് പവാറാണ് മുംബൈയുടെ ടോപ് സ്കോറർ. ശിവം ദുബെ (45), ജയ് ബിസ്ത (37) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. തമിഴ്‌നാടിനു വേണ്ടി വരുൺ ചക്രവർത്തിയും സായ് കിഷോറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ തമിഴ്‌നാടിന് ഒരു ഘട്ടത്തിലും മുംബൈ ബൗളർമാരിൽ നിന്ന് വെല്ലുവിളി ഉണ്ടായില്ല. 50 റൺസ് പിറന്ന ഓപ്പണിങ് കൂട്ടുകെട്ടിനൊടുവിൽ എൻ. ജഗീദശന്‍റെ (27) വിക്കറ്റാണ് ആദ്യം നഷ്ടമായത്. എന്നാൽ, മൂന്നാം നമ്പറിൽ കളിച്ച ബാബാ ഇന്ദ്രജിത്തിന്‍റെ അപരാജിത സെഞ്ചുറി തമിഴ‌‌്നാടിന്‍റെ വിജയം അനായാസമാക്കി.

98 പന്തിൽ 11 ഫോർ ഉൾപ്പെടെ 103 റൺസെടുത്ത ഇന്ദ്രജിത്ത് പുറത്താകാതെ നിന്നു. അഞ്ചാം നമ്പറിൽ കളിച്ച മുൻ ഇന്ത്യൻ താരം വിജയ് ശങ്കർ 51 റൺസോടെയും പുറത്താകാതെ നിന്നു.

കേരളത്തെ 200 റൺസിനു തോൽപ്പിച്ച രാജസ്ഥാനും വിദർഭയെ ഏഴു വിക്കറ്റിനു തോൽപ്പിച്ച കർണാടകയും സെമി ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com