

റിങ്കു സിങ്
രാജ്കോട്ട്: വിദർഭയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തതിനു പിന്നാലെ ഇന്ത‍്യൻ താരം റിങ്കു സിങ്കിന് പരുക്കേറ്റു. ഇതേത്തുടർന്ന് താരം റിട്ടയേർഡ് ഹർട്ടായടി മത്സരത്തിൽ നിന്നും ഗാലറിയിലേക്ക് മടങ്ങി. 30 പന്തുകൾ നേരിട്ട താരം 4 ബൗണ്ടറികളും 2 സിക്സറും അടക്കം 67 റൺസാണ് അടിച്ചെടുത്തത്.
2026ൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീമിൽ ഉൾപ്പെട്ട റിങ്കു സിങ്ങിന്‍റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുൻ കരുതലെന്ന നിലയ്ക്കാണ് താരം കളം വിട്ടതെന്നാണ് സൂചന. റിങ്കുവിനു പുറമെ ഓപ്പണിങ് ബാറ്റർ അഭിഷേക് ഗോസ്വാമി സെഞ്ചുറിയും പ്രിയം ഗാർഗ്, ധ്രുവ് ജുറൽ എന്നിവർ അർധസെഞ്ചുറിയും നേടി.
ഇതോടെ ഉത്തർപ്രദേശ് വിദർഭയ്ക്കെതിരേ 339 റൺസ് അടിച്ചെടുത്തു. ഈ ടൂർണമെന്‍റിൽ മിന്നും പ്രകടനമാണ് റിങ്കു പുറത്തെടുത്തിരിക്കുന്നത്. 2 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പടെ 371 റൺസ് താരത്തിന് നേടാനായി. നിലവിൽ ആദ‍്യ അഞ്ച് മത്സരങ്ങളിലും വിജയം നേടി 20 പോയിന്‍റുമായി ഉത്തർ പ്രദേശാണ് എലൈറ്റ് ബി പട്ടികയിൽ ഒന്നാം സ്ഥാനത്ത്.