

file photo
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു. 2028ൽ ലോസ് ഏഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ മെഡൽ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഗോദയിലേക്കുള്ള തിരിച്ചുവരവ്.
ഗുസ്തി രംഗത്തു നിന്ന് വിട്ടുനിൽക്കാൻ താരം തീരുമാനിച്ചിരുന്നെങ്കിലും, ഉള്ളിലെ 'തീ' കെട്ടുപോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ നിർണായകമായ തിരിച്ചുവരവിനു തയാറായത്. 2024ലെ പാരിസ് ഒളിംപിക്സിൽ വിവാദമായ മെഡൽ നഷ്ടത്തിനു പിന്നാലെയാണ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ നാല് വർഷത്തിനപ്പുറം ലോസ് ഏഞ്ചലസിൽ, ഇന്ത്യക്കു വേണ്ടി മെഡൽ നേടുക എന്ന സ്വപ്നത്തിലേക്ക് ഒരു ശ്രമം കൂടി നടത്താനാണ് വിനേഷിന്‍റെ നിശ്ചയം. ഇപ്പോൾ 31 വയസാണ് വിനേഷിന്.
തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിനേഷ് ഫോഗട്ട് സുപ്രധാന തീരുമാനം ലോകത്തെ അറിയിച്ചത്. "ആ തീ ഒരിക്കലും കെട്ടുപോയിട്ടില്ല. പൂർത്തിയാക്കാൻ ബാക്കിയുള്ള ഒരു സ്വപ്നം എന്‍റെയുള്ളിലുണ്ട്. കരിയറിൽ ഞാൻ സ്വന്തമാക്കിയിട്ടുള്ള എല്ലാ നേട്ടങ്ങളും ഈ തിരിച്ചുവരവിന് പ്രചോദനമാണ്," അവർ കുറിച്ചു.
വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വിനേഷ് നടത്തിയ ആഴത്തിലുള്ള ആലോചനകൾക്കും, കുടുംബാംഗങ്ങളുമായും പരിശീലകരുമായുമുള്ള ചർച്ചകൾക്കും ശേഷമാണ് തീരുമാനത്തിലെത്തിയത്. കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന മാനസിക ഊർജം തന്നിൽ ശേഷിക്കുന്നുണ്ടെന്ന് താരം വിശ്വസിക്കുന്നു.
പ്രായത്തെക്കുറിച്ചോ നീണ്ട ഇടവേളയെക്കുറിച്ചോ ആശങ്കപ്പെടാതെ, തന്‍റെ മികച്ച പ്രകടനം വീണ്ടെടുക്കാനുള്ള തീവ്ര പരിശീലനം ഉടൻ ആരംഭിക്കുമെന്നും വിനേഷ് കൂട്ടിച്ചേർത്തു. ഇന്ത്യൻ കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണിത്.