ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്കെതിരേ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഒളിംപിക്സ് ഫൈനലിൽ അയോഗ്യയാക്കപ്പെട്ട ശേഷം ആശുപത്രിയിൽ കഴിഞ്ഞ തന്നെ കാണാൻ വന്ന പി.ടി. ഉഷ ഒരു ഫോട്ടോയും എടുത്ത് മടങ്ങിപ്പോകുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ തനിക്കൊരു പിന്തുണയും അസോസിയേഷൻ തന്നിട്ടില്ലെന്നും വിനേഷ്.
പി.ടി. ഉഷ തനിക്കൊപ്പം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്നത് ശരിയാണ്. പക്ഷേ, താനറിയാതെ എടുത്ത ഫോട്ടോ ആയിരുന്നു അത്. ഫോട്ടോ എടുത്തതും അത് പോസ്റ്റ് ചെയ്തതുമെല്ലാം വെറും പ്രഹസനമായിരുന്നു. ഒരാൾക്ക് പിന്തുണ കൊടുക്കേണ്ടത് ഇങ്ങനെയല്ലെന്നും വിനഷ് പറയുന്നു.
വിനേഷിനു താൻ പിന്തുണ നൽകുന്നു എന്നും പി.ടി. ഉഷ അന്നു പറഞ്ഞിരുന്നു. എന്നാൽ, എന്തു തരം പിന്തുണയാണ് തനിക്കവിടെ കിട്ടയതെന്നറിയില്ല എന്നാണ് വിനേഷ് തുറന്നടിക്കുന്നത്.
''രാഷ്ട്രീയത്തിൽ പല കാര്യങ്ങളും പിൻവാതിലിൽ നടക്കാറുണ്ട്. അതുപോലെ പാരിസിലും രാഷ്ട്രീയക്കളികൾ ഉണ്ടായിരുന്നു. അതാണ് എന്‍റെ ഹൃദയം തകർത്തത്. ഗുസ്തി ഉപേക്ഷിക്കരുതെന്ന് ഒരുപാടു പേർ പറയുന്നുണ്ട്. പക്ഷേ, എന്തിനു വേണ്ടിയാണ് ഞാൻ തുടരേണ്ടത്? എല്ലായിടത്തും രാഷ്ട്രീയമാണ്'', വിനേഷ് പറഞ്ഞു.
''നോക്കൂ, ഞാനപ്പോൾ ആശുപത്രിക്കിടക്കയിലാണ്. പുറത്ത് എന്താണു നടക്കുന്നതെന്നറിയുന്നില്ല. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആ സമയത്ത് നിങ്ങൾ വന്ന് എന്നോട് ചോദിക്കാതെ എന്‍റെ ഫോട്ടോ എടുക്കുന്നു. എന്നിട്ട്, ഒപ്പം നിൽക്കുന്നു എന്ന പ്രസ്താവനയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. പ്രഹസനമല്ലാതെ എന്താണിത്?'' വിനേഷ് ചോദിക്കുന്നു.