വിനേഷ് ഫോഗട്ടിന് പരുക്ക്; ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

വിനേഷിന് പകരമായി ആന്‍റിം പംഗലിനെ ടീമിൽ ഉൾപ്പെടുത്തി
Vinesh phogat
Vinesh phogat

ന്യൂഡൽഹി: പരിക്കേറ്റതിനെത്തുടർന്ന് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിനേഷിന് പകരമായി ആന്‍റിം പംഗലിനെ ടീമിൽ ഉൾപ്പെടുത്തി.രണ്ടു ദിവസം മുൻപ് പരിശീലനത്തിനിടെയാണ് താരത്തിന്‍റെ കാൽമുട്ടിന് പരുക്കേറ്റത്. വിശദ പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്റ്റർമാർ നിർദേശിച്ചതായി താരം എക്സിലൂടെ( ട്വിറ്റർ) വ്യക്തമാക്കി.

ഈ 17ന് മുംബൈയിൽ വച്ച് ശസ്ത്രക്രിയ നടത്തുമെന്നാണ് കരുതുന്നത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വിനേഷ് ഫോഗട്ട് ഇന്ത്യക്കു വേണ്ടി സ്വർണം നേടിയിരുന്നു. ഇത്തവണയും സ്വർണം സ്വന്തമാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായ പരുക്ക് എല്ലാം തകിടം മറിച്ചുവെന്നും താരം കുറിച്ചിട്ടുണ്ട്. ട്രയൽസിൽ പങ്കെടുക്കാതെ തന്നെ വിനേഷിനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായി മാറിയിരുന്നു. നിലവിലെ അവസ്ഥ അനുസരിച്ച് ഓഗസ്റ്റ് 25 മുതൽ പട്യാലയിൽ വച്ചു നടക്കുന്ന ഒളിമ്പിക് ക്വാളിഫയിങ് വേൾഡ് ചാംപ്യൻഷിപ്പിന്‍റെ ട്രയൽസിലും താരത്തിന് പങ്കെടുക്കാൻ സാധിക്കില്ല.

വിനേഷിന് പകരം ടീമിലെടുത്ത പംഗൽ അണ്ടർ -20 വേൾഡ് ചാംപ്യൻഷിപ്പിന്‍റെ ഭാഗമായി ജോർദാനിലാണ്. 2024 ലെ ഒളിംപിക്സിനു വേണ്ടി പരിശ്രമിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിൽ ആദ്യാവസാനം വിനേഷ് ഫോഗട്ട് സജീവമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com