'പതിനഞ്ചാമതും ലഹരി മുക്തി ചികിത്സയ്ക്ക് തയാർ'; കപിൽ ദേവിന്‍റെ ഓഫർ കാംബ്ലി സ്വീകരിച്ചു

കാംബ്ലി നടക്കാൻ ബുദ്ധിമുട്ടുന്നതും മദ്യലഹരിയിലെന്ന പോലെ പാട്ട് പാടുന്നതും അടക്കമുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
Vinod Kambli said he is ready to accept Kapil Dev's offer
Kapil Dev | Vinod Kambli
Updated on

മുംബൈ: ലഹരി മുക്തി ചികിത്സയ്ക്ക് വീണ്ടും പോകാമെന്നും, കപിൽദേവിന്‍റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും അറിയിച്ച് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വിക്കി ലാൽവാനി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാംബ്ലിയുടെ വെളിപ്പെടുത്തൽ.

കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും കാംബ്ലി പറയുന്നു. ലഹരി മുക്തി ചികിത്സയ്ക്ക് കാംബ്ലി തയാറാണെങ്കിൽ, അതിനു സഹായം നൽകുമെന്ന് 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗങ്ങൾ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോൾ കാംബ്ലി സമ്മതം അറിയിച്ചിരിക്കുന്നത്.

ഇത് പതിനഞ്ചാം തവണയാണ് കാംബ്ലി ലഹരിമുക്തി ചികിത്സയ്ക്ക് പോകുന്നത്. തന്‍റെ സാമ്പത്തികസ്ഥിതി മോശമാണെന്നും കാംബ്ലി സമ്മതിച്ചു. ബിസിസിഐ നൽകുന്ന 30,000 രൂപ പെൻഷനാണ് ഏക വരുമാനം. കുടുംബം അടുത്തുണ്ടെങ്കിൽ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് പോകാൻ തനിക്ക് ഒരു ഭയവുമില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഭാര്യ തനിക്ക് വലിയ ശ്രദ്ധ നൽകുന്നുണ്ട്. അജയ് ജഡേജ ഉൾപ്പടെയുള്ള താരങ്ങൾ തന്നെ കാണാൻ വന്നിരുന്നു എന്നും കാംബ്ലി.

''കഴിഞ്ഞ മാസം കുഴഞ്ഞുവീണു. എന്‍റെ മകൻ ജീസസ് ക്രിസ്റ്റ്യാനോയാണ് എന്നെ വീണ്ടും ആരോ​ഗ്യത്തോടെ നിൽക്കാൻ സഹായിച്ചത്. എന്‍റെ മകൾക്ക് 10 വയസ് മാത്രമാണ് പ്രായം. എന്‍റെ ഭാര്യയ്ക്കൊപ്പം മകളും എന്നെ സഹായിച്ചു'', കാംബ്ലി തുടർന്നു പറയുന്നു.

സച്ചിൻ ടെൻഡുൽക്കറുടെയും വിനോദ് കാംബ്ലിയുടെയുമെല്ലാം ഗുരുവായ രമാകാന്ത് അച്‌രേക്കറെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേ, കാംബ്ലി നടക്കാൻ ബുദ്ധിമുട്ടുന്നതും മദ്യലഹരിയിലെന്ന പോലെ പാട്ട് പാടുന്നതും അടക്കമുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കാംബ്ലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകളും അന്നു തന്നെ പുറത്തുവന്നിരുന്നു. ഇതിനിടെ കാംബ്ലിയുമായി വേദി പങ്കിട്ടിട്ടും സച്ചിൻ വേണ്ടത്ര പരിഗണന നൽകിയില്ലെന്ന മട്ടിലും വിമർശനങ്ങൾ ഉയർന്നിരുന്നു.

സ്കൂൾ ക്രിക്കറ്റിൽ സച്ചിനും കാംബ്ലിയും ചേർന്ന് ഉയർത്തിയ റെക്കോഡ് കൂട്ടുകെട്ടാണ് ഇരുവരെയും ആദ്യമായി ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്. സച്ചിനെക്കാൾ പ്രതിഭയുള്ള ക്രിക്കറ്റർ എന്നാണ് അച്‌രേക്കർ ഒരിക്കൽ കാംബ്ലിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

സച്ചിനെക്കാൾ മുൻപേ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറിയും ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറിയും നേടിയെങ്കിലും ലഹരിയുടെ വഴിയേ സഞ്ചരിച്ച കാംബ്ലി മെല്ലെ ഇന്ത്യൻ ടീമിൽ നിന്നും സജീവ ക്രിക്കറ്റിൽ നിന്നു തന്നെയും പുറത്താകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com