

virandeep singh
ഡിസംബർ 16നാണ് 2026 ഐപിഎൽ സീസണിലേക്കുള്ള മിനി താരലേലം ആരംഭിക്കുന്നത്. യുഎഇയാണ് ലേലത്തിന് ഇത്തവണ വേദിയാവുന്നത്. 1,390 താരങ്ങൾ രജിസ്റ്റർ ചെയ്ത ലേലത്തിൽ 359 താരങ്ങളെയാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ലേലത്തിൽ ആകെ ഒരേയൊരു അസോസിയേറ്റ് താരമാണുള്ളത്. 26 കാരനായ മലേഷ‍്യൻ താരം വിരൻദീപ് സിങ്.
30 ലക്ഷം രൂപയാണ് ലേലത്തിൽ താരത്തിന്‍റെ അടിസ്ഥാന വില. 19-ാം വയസിൽ മലേഷ‍്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച താരം ടി20യിൽ റൺവേട്ടക്കാരിൽ പതിനൊന്നാം സ്ഥാനത്താണ്. 103 ടി20 മത്സരങ്ങളിൽ നിന്നും 3,115 റൺസും 107 വിക്കറ്റുകളും താരത്തിന് നേടാനായിട്ടുണ്ട്.
ഇന്‍റർനാഷണൽ ടി20 ലീഗ് അടക്കമുള്ള ടൂർണമെന്‍റുകളിൽ അടുത്തിടെ താരം കളിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളായിരിക്കും വിരൻദീപ് സിങ്ങിനെ ലേലത്തിൽ സ്വന്തമാക്കുക.
കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി നാലാം സ്ഥാനത്ത് കളിച്ച വെസ്റ്റ് ഇൻഡീസ് താരം ഷെർഫേൻ റൂഥർഫോർഡിനെ മുംബൈ ഇന്ത‍്യൻസിലേക്ക് ട്രേഡ് ചെയ്തതിനാൽ വിരൻദീപ് സിങ് എന്തുകൊണ്ടും ടീമിന് നാലാം നമ്പറിൽ അനുയോജ‍്യമായിരിക്കും.
150ന് മുകളിലാണ് താരത്തിന്‍റെ ടി20യിലെ സ്ട്രൈക്ക് റേറ്റ്. പന്തെറിയുന്നതിനാൽ റാഷിദ് ഖാനും സായ് കിഷോറിനൊപ്പവും മികച്ച ബൗളിങ് കോമ്പിനേഷൻ നൽകാനും വിരൻദീപിന് സാധിക്കും.