
വിരാട് കോലി,രോഹിത്ത് ശർമ
ന‍്യൂഡൽഹി: അടുത്തിടെ കഴിഞ്ഞ ആൻഡേഴ്സൺ- ടെൻഡുൽക്കർ ട്രോഫിക്കു മുൻപായിരുന്നു ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്. നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇരുവരും കളിക്കുന്നത്.
2027ലെ ഏകദിന ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുവരും ടീമിൽ തുടരുന്നതെന്ന തരത്തിൽ നേരത്തെ അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രോഹിത് ശർമയും കോലിയും ലോകകപ്പിനു മുൻപേ ഏകദിനത്തിൽ നിന്നും വിരമിച്ചേക്കുമെന്നാണ്.
ഈ വർഷം ഒക്‌റ്റോബറിൽ ആരംഭിക്കുന്ന ഇന്ത‍്യയുടെ ഓസ്ട്രേലിയൻ പര‍്യടനത്തോടെ വിരാട് കോലിയും രോഹിത് ശർമയും ഏകദിനം മതിയാക്കിയേക്കുമെന്നാണ് ഒരു ദേശീയ മാധ‍്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര‍്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോകകപ്പ് ടീമിൽ യുവതാരങ്ങൾക്ക് അവസരം നൽകാനാണ് സെലക്റ്റർമാരുടെ തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കോലിക്കും രോഹിത്തിനും ലോകകപ്പ് ടീമിൽ ഏതെങ്കിലും സാധ‍്യത തെളിയണമെങ്കിൽ ഇരുവരും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആൻഡേഴ്സൺ- ടെൻഡുൽക്കർ ട്രോഫിയുടെ ഭാഗമാകാൻ ഇരുവരും ആഗ്രഹിച്ചിരുന്നതായും എന്നാൽ തെരഞ്ഞെടുക്കാൻ സാധ‍്യതയില്ലാത്തതിനാലാണ് വിരമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.