
വികാസ് കോലി, വിരാട് കോലി, സഞ്ജയ് മഞ്ജരേക്കർ
ന‍്യൂഡൽഹി: ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിയെ വിമർശിച്ച മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരവും കമന്‍ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിന് ചുട്ട മറുപടി നൽകി വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി.
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു സഞ്ജയ് മഞ്ജരേക്കർ കോലിയെ വിമർശിച്ചത്. കോലിയുടെ പ്രതാപ കാലം അവസാനിച്ചുവെന്നും കോലി - ബുംറ പോരാട്ടം ഇനി മുതൽ മികച്ചവർ തമ്മിലുള്ള പോരാട്ടമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു സഞ്ജയ് പറഞ്ഞത്.
നിലവിൽ ഐപിഎല്ലിൽ മികച്ച ബാറ്റർമാരുടെ പട്ടികയിലും കോലി ഉൾപ്പെട്ടിട്ടില്ലെന്നും മഞ്ജരേക്കർ പറഞ്ഞിരുന്നു. എന്നാൽ, സഞ്ജയ് മഞ്ജരേക്കറുടെ സ്ട്രൈക്ക്റേറ്റ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വികാസ് കോലിയുടെ മറുപടി.
''ഏകദിന ക്രിക്കറ്റിൽ 64 സ്ട്രൈക്ക് റേറ്റുള്ള സഞ്ജയ് മഞ്ജരേക്കർക്ക് 200നു മുകളിൽ സ്ട്രൈക്ക് റേറ്റ് വേണമെന്നു പറയാൻ എളുപ്പമാണ്. കോലിയുടെ സ്ട്രൈക്ക്റേറ്റ് 93 ആണ്'', വികാസ് പറഞ്ഞു. അതേസമയം, 2025 ഐപിഎൽ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി വിരാട് കോലി നേടിയെടുത്തത് 443 റൺസാണ്. 456 റൺസുമായി ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.