
വിരാട് കോലി, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ
ലണ്ടൻ: ജൂൺ 20ന് ഇംഗ്ലണ്ട് പര‍്യടനത്തിലെ ആദ‍്യ ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും, വൈസ് ക‍്യാപ്റ്റൻ ഋഷഭ് പന്തിനെയും, പേസർ മുഹമ്മദ് സിറാജിനെയും ലണ്ടനിലെ വീട്ടിലേക്കു ക്ഷണിച്ച് വിരാട് കോലി. ഇന്ത‍്യ എ ടീമിനെതിരേ ഇന്ത‍്യൻ ടീമിന്‍റെ പരിശീലനം പൂർത്തിയായ ശേഷമാണ് മൂവരെയും കോലിയുടെ വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് വിവരം.
താരങ്ങൾ രണ്ടുമണിക്കൂറോളം കോലിയുടെ വീട്ടിൽ ചെലവഴിച്ചശേഷം മടങ്ങി. സന്ദർശനത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ചർച്ചയായെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസമായിരുന്നു കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചതോടെ ടീമിന്‍റെ നായകസ്ഥാനം താത്കാലികമായി ഏറ്റെടുക്കാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കോലി രംഗത്തെത്തിയിരുന്നു എന്നു സൂചനകളുണ്ടായിരുന്നു. എന്നാൽ, കോച്ച് ഗൗതം ഗംഭീർ കോലിയുടെ ഈ ആവശ‍്യം നിരാകരിച്ചതിനെത്തുടർന്നാണ് കോലി വിരമിച്ചതെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.