

സച്ചിൻ ടെൻഡുൾക്കർ, വീരേന്ദർ സേവാഗ്
ന‍്യൂഡൽഹി: ടി20 ക്രിക്കറ്റിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറെക്കാളും മികച്ച ഓപ്പണിങ് ബാറ്ററാണ് വീരേന്ദർ സേവാഗെന്ന് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ വിരാട് കോലി. കോലിയുടെ പരാമർശം സമൂഹമാധ‍്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
എന്നാൽ കോലി പറഞ്ഞതിൽ കാര‍്യമുണ്ടെന്നാണ് സ്റ്റാറ്റ്സ് പരിശോധിക്കുമ്പോൾ വ‍്യക്തമാകുന്നത്. 2007ൽ കന്നി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത‍്യൻ ടീമിന്‍റെ ഭാഗമായിരുന്നു വീരു. ഇംഗ്ലണ്ടിനെതിരേ അന്ന് 87 റൺസ് അടിച്ചെടുത്ത് നിർണായക പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ പരുക്കു മൂലം ഫൈനൽ നഷ്ടമായി.
ആകെ 19 ടി20 മത്സരങ്ങൾ മാത്രമാണ് സേവാഗ് കളിച്ചിട്ടുള്ളത്. സച്ചിനാകട്ടെ പാഡണിഞ്ഞിട്ടുള്ളത് ഒരേ ഒരു മത്സരത്തിൽ. പക്ഷേ ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിനു വേണ്ടി വിവിധ സീസണുകളിലായി 78 മത്സരം കളിച്ചിട്ടുണ്ട് സച്ചിൻ. 35 ശരാശരിയിൽ 2,000 റൺസാണ് സമ്പാദ‍്യം. 119.82 ആണ് അദ്ദേഹത്തിന്‍റെ സ്ട്രൈക്ക്റേറ്റ്.
അതേസമയം, സേവാഗവട്ടെ 104 മത്സരങ്ങളിൽ നിന്നും 27.56 ശരാശരിയിൽ 2,700 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ടി20 ഫോർമാറ്റിൽ ഏറെ പ്രധാന‍്യമുള്ള സ്ട്രൈക്ക്റേറ്റ് സേവാഗിനാണ് സച്ചിനെ താരതമ‍്യം ചെയ്യുമ്പോൾ കൂടുതൽ. 155.44 ആണ് വീരുവിന്‍റെ സ്ട്രൈക്ക്റേറ്റ്.
എല്ലാ ഫോർമാറ്റിലും വച്ച് താരതമ‍്യം ചെയ്യുകയാണെങ്കിൽ സച്ചിനല്ലാതെ മറ്റൊരു അഭിപ്രായമുണ്ടാവില്ല. എന്നാൽ ടി20 ക്രിക്കറ്റിൽ മറ്റൊരു ചിത്രമാണുള്ളത്. സേവാഗിനെക്കാളും മികച്ച ഓപ്പണറായി കോലി പരിഗണിച്ചത് വെടിക്കെട്ട് വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ലിനെയായിരുന്നു.