വിരാട് കോലിയെ കാണാൻ തിക്കും തിരക്കും; ഡൽഹി സ്റ്റേഡിയത്തിൽ സുരക്ഷാ വീഴ്ച | Video

അന്താരാഷ്ട്ര മത്സരത്തിനെന്ന പോലെ കാണികൾ നിറഞ്ഞ ഗ്യാലറിക്കു മുന്നിൽ വിരാട് കോലി പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി കളിക്കാനിറങ്ങി

ന്യൂഡൽഹി: അന്താരാഷ്ട്ര മത്സരത്തിനെന്ന പോലെ കാണികൾ നിറഞ്ഞ ഗ്യാലറിക്കു മുന്നിൽ വിരാട് കോലി പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി കളിക്കാനിറങ്ങി. റെയിൽവേസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനി ബൗളിങ് തെരഞ്ഞെടുത്തതിനാൽ കോലി ബാറ്റ് ചെയ്യുന്നതു കാണാനെത്തിയവർ മിക്കവാറും ആദ്യ ദിവസം നിരാശരാകും.

66 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ റെയിൽവേസ് രണ്ടാം സെഷനിൽ തന്നെ ഓൾഔട്ടാകുമെന്ന പ്രതീതി ഉണർത്തിയെങ്കിലും വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവും മുൻ ഇന്ത്യൻ താരം കരൺ ശർമയും ചേർന്ന് 104 റൺസ് കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി.

ഡൽഹി ടീം ലിസ്റ്റിൽ നാലാം നമ്പറിലാണ് വിരാട് കോലിയുടെ പേര്. അതായത്, ഡൽഹി ബാറ്റിങ്ങിനിറങ്ങി രണ്ട് വിക്കറ്റ് വീണാലേ കോലി പിച്ചിലെത്തൂ. ആയുഷ് ബദോനി നയിക്കുന്ന ടീമിൽ അർപ്പിത് റാണയും സനത് സംഗ്വാനുമാണ് ഓപ്പണർമാർ. മുൻ ഇന്ത്യ അണ്ടർ-19 ക്യാപ്റ്റൻ യാഷ് ധുൽ മൂന്നാം നമ്പറിലും ബാറ്റ് ചെയ്യും. അതിനു ശേഷമാണ് കോലിയുടെ സ്ഥാനം. ഇന്ത്യൻ ഫാസ്റ്റ് ബൗളർ നവദീപ് സെയ്നിയും ടീമിലുണ്ട്.

ഇതിനിടെ, രാവിലെ കോലിയെ കാണാൻ തടിച്ചുകൂടിയ ആരാധകർ കാരണം ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ (പഴയ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം) സുരക്ഷാ വീഴ്ചയുമുണ്ടായി. മത്സരത്തിനിടെ ബാരിക്കേട് ചാടിക്കടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകൻ, ഫീൽഡ് ചെയ്യുകയായിരുന്നു കോലിയുടെ അടുത്ത് വരെയെത്തി.

കോലിക്കു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കാൽതൊട്ട് വന്ദിക്കാനായിരുന്നു ശ്രമം. ഇയാളെ പിന്തുടർന്നെത്തി പിടിച്ചുമാറ്റിയ പൊലീസുകാരോട്, ''തല്ലരുത്'' എന്ന കോലി അഭ്യർഥിക്കുന്നതും കാണാമായിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com