
അഹമ്മദാബാദ്: ഈ ലോകകപ്പില്‍ വിരാട് കോലി നേടിയ റെക്കോഡുകളുടെ എണ്ണത്തിനു കണക്കില്ല. ഇന്നലത്തെ പ്രകടനവും റെക്കോഡുബുക്കില്‍ കൂടുതല്‍ പോയിന്റുകള്‍ ചേര്‍ക്കുന്നതായി. ഇന്നലത്തെ അര്‍ധസെഞ്ചുറി നേട്ടം ലോകകപ്പില്‍ മറ്റൊരു നേട്ടം കൂടി വിരാട് കോലിയുടെ കിരീടത്തിലേറ്റി. ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്തെത്തി. 46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്. 45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സ് നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
വിരാട് കോലിയാണ് ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും, 765 റണ്‍സ്. ഒരു ലോകകപ്പില്‍ 750 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ കോലി സ്വന്തമാക്കി. 11 കളികളില്‍ നിന്ന് 95.62 ശരാശരിയില്‍ 765 റണ്‍സാണ് കോലി ഇവിടെ സ്വന്തം പേരില്‍ക്കുറിച്ചത്. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളുമടക്കമാണ് കോലിയുടെ ഈ നേട്ടം.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ സെമിയിലും ഫൈനലിലും 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കോലി ഇന്നലെ സ്വന്തമാക്കി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്ക് ബ്രെയര്‍ലി (1979), മുന്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് ബൂണ്‍ (1987), മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് (1992), മുന്‍ ശ്രീലങ്കന്‍ ബാറ്റര്‍ അരവിന്ദ ഡി സില്‍വ (1996), മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്റ് എലിയറ്റ് (2015), ഓസീസ് താരം സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഫൈനലില്‍ 63 പന്തില്‍ നിന്ന് 54 റണ്‍സെടുത്താണ് കോലി പുറത്തായത്. ഇത്തവണത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് കോലി 50-ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. 2019 ലോകകപ്പിലും കോലി തുടര്‍ച്ചയായ അഞ്ച് ഇന്നിങ്സുകളില്‍ 50-ന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകന് എന്ന റെക്കോഡ് സ്വന്തമാക്കിയ ശേഷമാണ് രോഹിത് ശര്‍മ ലോകകപ്പ് അവസാനിപ്പിക്കുന്നത്. 597 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍ പിറന്നത്. ഒരു ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന ആദ്യ അഞ്ചാം നമ്പര്‍ ബാറ്റര്‍ എന്ന നേട്ടം കെ.എല്‍, രാഹുല്‍ ഇന്നലത്തെ പ്രകടനത്തോടെ സ്വന്തമാക്കി.