
'എല്ലാവരും മോശമായിട്ടാണ് കളിച്ചത്, ആരും സാമാന‍്യബുദ്ധി പ്രയോഗിച്ചില്ല'; ആർസിബി ബാറ്റർമാരെ വിമർശിച്ച് വീരു
അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ മോശം പ്രകടനം പുറത്തെടുത്ത ആർസിബി ബാറ്റിങ് നിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.
ആർസിബിയിലെ ബാറ്റിങ് നിരയിൽ ഒരാൾ പോലും സാമാന‍്യബുദ്ധി പ്രയോഗിച്ചില്ലെന്നും മോശം ഷോട്ടുകൾ മൂലമാണ് എല്ലാവരും പുറത്തായതെന്നും സെവാഗ് പറഞ്ഞു.
"എല്ലാവരും മോശമായാണ് കളിച്ചത്. ആർസിബിയിലുള്ള ഒരു താരമെങ്കിലും സാമാന‍്യബുദ്ധി പ്രയോഗിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ചിരുന്നുവെങ്കിൽ ഭേദപ്പെട്ട സ്കോർ ടീമിനു നേടാമായിരുന്നു. ബൗളർമാർ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഹോം ഗ്രൗണ്ടിൽ തുടരെ തുടരെ ടീം പരാജയപ്പെടുന്നതിനു കാരണം ബാറ്റർമാരാണ്'', സെവാഗ് ആരോപിച്ചു.
വിക്കറ്റ് വീഴ്ത്തുന്നതും വലിച്ചെറിയുന്നതും തമ്മിൽ വലിയ വ‍്യത‍്യാസമുണ്ടെന്നും സെവാഗ് പറഞ്ഞു. ബാറ്റർമാർക്ക് നിരന്തരം മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതിൽ രജത് പാട്ടിദാർ പരിഹാരം കാണണമെന്നും സെവാഗ്.
അതേസമയം, മഴമൂലം 14 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് 95 റൺസ് മാത്രമേ നേടാനായുള്ളൂ. 3 വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിൽ നിന്ന ടീം 43-7 എന്ന നിലയിലേക്ക് കൂപ്പു കുത്തിയിരുന്നു.
26 പന്തിൽ അർധസെഞ്ചുറി തികച്ച് പുറത്താവാതെ നിന്ന ടിം ഡേവിഡാണ് ആർസിബിയെ 95 റൺസിലെത്തിച്ചത്. ടിം ഡേവിഡിനും രജത് പാട്ടിദാറിനും (23) മാത്രമാണ് രണ്ടക്കം കടക്കാനായത്. ആർസിബി ഉയർത്തിയ വിജയലക്ഷ‍്യം പഞ്ചാബ് കിങ്സ് 12.1 ഓവറിൽ 5 വിക്കറ്റ് ബാക്കി നിൽക്കെ മറികടന്നു.