

വീരേന്ദർ സേവാഗ്, വിരാട് കോലി
ന‍്യൂഡൽഹി: സ്റ്റാർ ബാറ്റർ വിരാട് കോലിയില്ലാതെ ഇന്ത‍്യ ടി20 ലോകകപ്പിൽ ഒരിക്കൽ പോലും 160 റൺസ് ചേസ് ചെയ്ത് വിജയിച്ചിട്ടില്ലെന്ന് മുൻ ഇന്ത‍്യൻ താരം വീരേന്ദർ സോവാഗ്. ദക്ഷിണാഫ്രിക്കയുമായി ഇന്ത‍്യ ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ തോൽവി അറിഞ്ഞതിനു പിന്നാലെയായിരുന്നു സേവാഗിന്‍റെ പ്രതികരണം.
കോലിയെ പോലെ സമ്മർദ ഘട്ടങ്ങളിൽ കളിക്കാൻ ടീമിലെ താരങ്ങൾക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ തിലക് വർമ, സൂര‍്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ‍്യ എന്നിവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് സേവാഗ് പറയുന്നത്.
വിരാട് കോലി റൺസ് കണ്ടെത്തിയപ്പോഴെല്ലാം ഇന്ത‍്യൻ ടീം 160 റൺസ് മറികടന്ന് വിജയിച്ചിട്ടുണ്ടെന്നും കോലിയായിരിക്കും മത്സരം ഫിനിഷ് ചെയ്യുന്നതെന്നും സേവാഗ് കൂട്ടിച്ചേർത്തു.
ലോകകപ്പിനെ ഭയമില്ലാതെ ഇന്ത‍്യ നേരിടണമെന്നും എന്നാൽ മാത്രമെ നല്ല പ്രകടനം പുറത്തെടുക്കാൻ സാധിക്കൂയെന്നും സേവാഗ് പറഞ്ഞു. ടി20 ക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റ് പ്രധാനമാണെന്നും സേവാഗ് പറയുന്നു.