
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് പിന്നാലെ കാലാവധി പൂര്‍ത്തിയായ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിന് സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ല എന്ന് സൂചന. കരാര്‍ പുതുക്കാന്‍ ദ്രാവിഡ് താത്പര്യപ്പെടുന്നില്ല എന്നും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മണ് ഇന്ത്യന്‍ കോച്ചിന്റെ ചുമതല ഏറ്റെടുത്തേക്കും എന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ ഓസ്ട്രേലിയക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ യുവനിരയെ പരിശീലിപ്പിക്കുന്നത് വിവിഎസ് ആണ്.
വിവിഎസ് ലക്ഷ്മണിന് മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലപ്പത്തിരുന്ന രാഹുല്‍ ദ്രാവിഡ് 2021 നവംബറിലാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2021 ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ ദയനീയമായി തോറ്റ് പുറത്തായതിന് പിന്നാലെയാണ് രാഹുലിനെ കോച്ചായി നിയമിച്ചത്. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ടീം ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിലും ഫൈനലില്‍ എത്താനായി. എന്നാല്‍ ഈ വർഷം ആദ്യം ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് സ്വന്തമാക്കി.
ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കോച്ചിങ് ഭാവിയെ കുറിച്ച് രാഹുല്‍ ദ്രാവിഡിനോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. 'കോച്ചിങ് ഭാവിയെ കുറിച്ച് ആലോചിക്കാന്‍ ഇതിനിടെ സമയം കിട്ടിയില്ല. സമയം കിട്ടുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കും' എന്നുമായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.