
കൊളംബോ: 26ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിനോട് ഗുഡ് ബൈ പറഞ്ഞ് ശ്രീലങ്കന്‍ ആള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക. ടി20, ഏകദിന ക്രിക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായാണ് വിരമിക്കൽ തീരുമാനം. താരത്തിൻ്റെ തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ശരിവച്ചു.
'അദ്ദേഹത്തിൻ്റെ തീരുമാനം ഞങ്ങൾ സ്വീകരിക്കുന്നു. വൈറ്റ് ബോൾ മത്സരങ്ങളിൽ താരം അവിഭാജ്യ ഘടകമായിരിക്കും' എന്നായിരുന്നു എസ്എൽസി സിഇഒ ആഷ്‌ലി ഡി സിൽവ പ്രതികരിച്ചത്.
2020ൽ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറിയ ലെഗ് സ്പിന്നറായ ഹസരങ്ക ഇതുവരെ നാലു ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളു. ഇതിൽ നാലു വിക്കറ്റുകളും നേടി. 2021ൽ ബംഗ്ലാദേശിനെതിരെയാണ് അവസാന ടെസ്റ്റ് മത്സരം കളിച്ചത്.
48 ഏകദിനങ്ങളിൽ 67 വിക്കറ്റും നാലു അർധസെഞ്ച്വറികളുമടക്കം 832 റൺസും സ്വന്തമാക്കിയ ഹസരങ്ക 58 ട്വന്റി 20 മത്സരങ്ങളിൽ 91 വിക്കറ്റും ഒരു അർധസെഞ്ച്വറിയടക്കം 533 റൺസും നേടി. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പില്‍ യോഗ്യത നേടിക്കൊടുക്കുന്നതിൽ ഹസാരങ്കയുടെ പങ്ക് വളരെ വലുതാണ്. ലോകത്തെ വിവിധ ടി20 ലീഗുകളിൽ സുപ്രധാന താരമായ വനിന്ദു ഹസരങ്ക ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ്.