

വഖാർ യൂനിസ്, ബാബർ അസം
ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ സ്റ്റാർ ബാറ്റർ വിരാട് കോലിയുമായി താരതമ‍്യം ചെയ്തുവരുന്ന ഒരു രീതി പൊതുവായി കണ്ടുവരാറുണ്ട്. അത്തരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ കോലിയേക്കാൾ മികച്ചതാണെന്ന തരത്തിൽ താരതമ‍്യം ചെയ്ത് ഉയർത്തികൊണ്ടുവന്ന താരമാണ് ബാബർ അസം.
ഒരുകാലത്ത് ബാബർ മികച്ച ഫോമിലായിരുന്നുവെന്നത് നിഷേധിക്കാൻ കഴിയില്ലെങ്കിലും സമീപകാലത്ത് ദയനീയ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ബാബറിന്‍റെ കുഴപ്പങ്ങൾ എന്താണെന്ന് വ‍്യക്തമാക്കിയിരിക്കുകയാണ് ഇതിഹാസ താരം വഖാർ യൂനിസ്. ബാബറിന് ക‍്യാപ്റ്റൻ സ്ഥാനം നൽകുമ്പോഴെല്ലാം ബുദ്ധിമുട്ടുന്നുവെന്നും ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ നൽകുന്നതിലൂടെ ഒരു താരത്തെയാണ് പാക്കിസ്ഥാന് നഷ്ടമാകുന്നതെന്നുമാണ് വഖാർ പറയുന്നത്.
'ഒരുതാരമെന്ന നിലയിൽ ഞാൻ അവനെ കണ്ടിട്ടുണ്ട്. സാങ്കേതികമായി വളരെ മികച്ച മനോഹരമായ ബാറ്റിങ് ശൈലിയുള്ള താരമാണ് ബാബർ. എന്നാൽ ക‍്യാപ്റ്റൻസിയുടെ സമ്മർദം കാരണം അമിത ഭാരം ബാബർ ഏറ്റെടുക്കുന്നതായി എനിക്ക് തോന്നുന്നു.
ഈ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും നൽകുമ്പോഴും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നതായി എനിക്ക് തോന്നുന്നില്ല. നമ്മൾ അദ്ദേഹത്തിന് ഉത്തരവാദിത്വം നൽകിയാൽ നമുക്ക് ഒരുതാരത്തെ നഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം അത് കൈകാര‍്യം ചെയ്യാൻ ബുദ്ധിമുട്ടും'. വഖാർ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.
വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ് ഷാൻ മസൂദിനെ നീക്കിയാണ് ബാബറിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ക‍്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചത്. മുൻപ് 2020-2023 സമയത്ത് ബാബർ ക‍്യാപ്റ്റനായിരുന്നു. അന്ന് 20 ടെസ്റ്റ് മത്സരങ്ങൾ ടീമിനെ നയിച്ച താരം 10 മത്സരങ്ങൾ ടീമിനെ വിജയിപ്പിച്ചിരുന്നു.
6 മത്സരം പരാജയപ്പെടുകയും നാലെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. ക‍്യാപ്റ്റനായി തിരിച്ചെത്തിയ വെസ്റ്റ് ഇൻഡീസിനെതിരായ ആദ‍്യ പരമ്പര സമനിലയിൽ കലാശിക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽ നടന്ന മൂന്നു മത്സരങ്ങളും പാക്കിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടു. നിലവിൽ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് റാങ്കിങ്ങിൽ 9ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.