
കുന്നംകുളത്ത് കായിക കേരളത്തിന്റെ ഭാവി ശോഭനമാണെന്ന് സൂചിപ്പിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ കായിക മേള അവസാനിച്ചിരിക്കുകയാണ്. ഈ കായിക മേളയിൽ കേരളത്തിലെ എല്ലാ ജില്ലകളും തങ്ങളുടെ മികവുകൾ തെളിയിച്ചിട്ടുണ്ട്. പതിവു പോലെ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 266 പോയിന്റുകളാണ് ഇവർ നേടിയത്. തൊട്ടടുത്ത് മലപ്പുറത്തിന് 168 പോയിന്റും 98 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
അടുത്ത വർഷം മുതൽ 'സ്കൂൾ ഒളിംപിക്സ് ' എന്ന പേരിലായിരിക്കും മേള അറിയപ്പെടുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്.
കായിക രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം. അതിനു കാരണം സ്കൂൾ കാലഘട്ടത്തിൽ തന്നെ നാം സ്പോർട്സിന് നൽകുന്ന പ്രാധാന്യമാണ്. അരനൂറ്റാണ്ടിനു മുൻപ് കേരളത്തിലെ സ്കൂളുകളിൽ ഇന്നത്തെ സ്പോർട്സ് അധ്യാപകരുടെ സ്ഥാനത്ത് ഡ്രിൽ മാഷുമാരാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഓടാനും ചാടാനും വോളിബോൾ, ഫുട്ബോൾ തുടങ്ങിയ കായിക മേഖലകളിലും സർവ പങ്കാളിത്തം നൽകാനും അവർക്ക് അന്നേ കഴിഞ്ഞിരുന്നു. വിദ്യാർഥികളുടെ മാനസിക സംഘർഷവും പരിഭ്രാന്തികളും ലഘൂകരിക്കുന്നതിൽ സ്പോർട്സിന് വലിയ പങ്കു വഹിക്കാനാവും.
അന്ന് ധാരാളം കളിക്കളങ്ങൾ ഉണ്ടായിരുന്നു. ഇന്ന് സ്ഥല പരിമിതി മൂലം പല സ്കൂളുകളിലും ഇൻഡോർ ഗെയിംസാണ് നടക്കുന്നത്. മാത്രമല്ല, പോഷകാഹാരപ്രദമായ ഭക്ഷണം ഇല്ലായ്മയും വിദഗ്ധ കായിക അധ്യാപകരുടെ അഭാവവും സ്പോർട്സ് രംഗത്ത് കേരളത്തിന് മുന്നോട്ട് പോകുന്നതിന് വിഘാതമായി തീർന്നിട്ടുണ്ട്.
ആരോഗ്യപൂർണമായ യുവതലമുറ ഏത് രാജ്യത്തിന്റെയും അഭിമാനകരമായ സ്വത്താണ്. അതുകൊണ്ട് സ്കൂൾ, കോളെജ് തലത്തിൽ സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികളെ വളർത്താനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമായ പദ്ധതികൾ നടപ്പാക്കണം. ഇന്നും ആഗോളതലത്തിൽ സ്പോർട്സ് രംഗത്ത് നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. 133 കോടി ജനങ്ങളുള്ള രാജ്യത്ത് പ്രഗത്ഭരായ സ്പോർട്സ് താരങ്ങളില്ല എന്നത് വലിയ പോരായ്മയാണ്. താഴേത്തട്ടിൽ തന്നെ കുട്ടികളെ കണ്ടെത്തുകയും മികച്ച പോഷാകാഹാര ഭക്ഷണം ഇവർക്ക് ലഭ്യമാക്കുകയും വേണം. സ്വർണ സ്വപ്നവുമായി അടുത്ത സക്കൂൾ ഒളിപിംക്സിന് വേണ്ടി കേരളം തയാറെടുക്കുമ്പോൾ സ്കൂളുകളിലെ സ്പോർട്സ് അധ്യാപകരോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ട്. പൊതുജന പങ്കാളിത്തത്തോടും സഹായത്തോടും കൂടി സ്പോർട്സ് സമൂഹത്തെ വളർത്തിയെടുക്കാൻ കേരള ജനത തയാറാവണം എന്നാണ് ജോത്സ്യന്റെ അഭിപ്രായം