
വെസ്റ്റ് ഇൻഡീസ് ടീം
ധാക്ക: ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായി 50 ഓവറും സ്പിൻ എറിഞ്ഞ് ചരിത്രം സൃഷ്ടിച്ച് വെസ്റ്റിൻഡീസ്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിൻഡീസ് സ്പിന്നർമാരെ മാത്രം ഉപയോഗിച്ചത്.
ധാക്കയിലെ ഷേർ ഇ- ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലെ ജീവനില്ലാത്ത പിച്ചിൽ അകീൽ ഹുസൈൻ, റോസ്റ്റൺ ചേസ്, ഖാരി പിയർ, ഗുഡ്കേഷ് മോട്ടി, അലിക് അതനാസെ എന്നീ വിൻഡീസ് സ്പിന്നർമാരാണ് ബംഗ്ലദേശി ബാറ്റർമാരെ നേരിട്ടത്.
അഞ്ചു പേരും പത്ത് ഓവർ വീതം പൂർത്തിയാക്കി. ഏക പേസറായ ജസ്റ്റിൻ ഗ്രീവ്സിന് കരീബിയൻ ടീം പന്ത് നൽകിയില്ല. മോട്ടി മൂന്നും അതനാസെയും ഹുസൈനും രണ്ടുപേരെ വീതവും മടക്കിയപ്പോൾ ബംഗ്ലാദേശ് 213/7 എന്ന സ്കോറിലൊതുങ്ങുകയും ചെയ്തു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഓവറുകളിൽ സ്പിന്നർമാരെ ഉപയോഗിച്ച ശ്രീലങ്കയുടെ റെക്കോഡും വിൻഡീസ് തകർത്തു. 2004ൽ ഓസ്ട്രേലിയയെ നേരിട്ടപ്പോൾ 44 ഓവർ ശ്രീലങ്കൻ സ്പിന്നർമാർ കൈകാര്യം ചെയ്തിരുന്നു.