വിൻഡീസും സൂപ്പർ എയ്റ്റിൽ; കിവികൾ അപകടത്തിൽ
ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലനെ പുറത്താക്കാൻ വിൻഡീസ് താരം ആന്ദ്രെ റസൽ 'പറന്നെടുത്ത' ക്യാച്ച്.

വിൻഡീസും സൂപ്പർ എയ്റ്റിൽ; കിവികൾ അപകടത്തിൽ

68 റൺസെടുത്ത ഷെർഫെയ്ൻ റുഥർഫോർഡും നാല് വിക്കറ്റ് നേടിയ അൽസാരി ജോസഫും വിൻഡീസിനെ പരാജയത്തിന്‍റെ വക്കിൽനിന്ന് തിരിച്ചുകൊണ്ടുവന്നു.

ടരോബ: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് വെസ്റ്റിൻഡീസ് സൂപ്പർ എയ്റ്റ് പ്രവേശനം ഉറപ്പിച്ചു. ന്യൂസിലൻഡിനെ 13 റൺസിനു മറികടന്ന് തുടരെ മൂന്നാം വിജയം നേടിയതോടെയാണിത്. അതേസമയം, നേരത്തെ അഫ്ഗാനിസ്ഥാനോടും തോറ്റ ന്യൂസിലൻഡ് പുറത്താകലിന്‍റെ വക്കിലാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ വൻ തകർച്ചയെ അതിജീവിച്ചാണ് 149/9 എന്ന പൊരുതാവുന്ന സ്കോറിലെത്തിയത്. ന്യൂസിലൻഡിന്‍റെ മറുപടി 9 വിക്കറ്റിന് 136 വരെയേ എത്തിയുള്ളൂ.

ഏഴാം ഓവർ എത്തുമ്പോൾ വിൻഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു, സ്കോർ ബോർഡിൽ വെറും 30 റൺസും. ആറാം നമ്പറിൽ ഇറങ്ങിയ ഷെർഫെയ്ൻ റുഥർഫോർഡാണ് ഒറ്റയ്ക്ക് പോരാട്ടം നയിച്ചതും അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയതും.

39 പന്ത് മാത്രം നേരിട്ട റുഥർഫോർഡ് രണ്ടും ഫോറും ആറു സിക്സറും സഹിതം 68 റൺസെടുത്ത് പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ നിക്കൊളാസ് പുരാന്‍റേതാണ് (17) അടുത്ത ഉയർന്ന വ്യക്തിഗത സ്കോർ. അക്കീൽ ഹുസൈൻ (15), ആന്ദ്രെ റസൽ (14), റൊമാരിയോ ഷെപ്പേർഡ് (13) എന്നിവരുടെ സഹായത്തോടെയായിരുന്നു റുഥർഫോർഡിന്‍റെ പ്രത്യാക്രമണം.

ന്യൂസിലൻഡിനു വേണ്ടി ട്രെന്‍റ് ബൗൾട്ട് 16 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തിയും ലോക്കി ഫെർഗൂസനും രണ്ട് വിക്കറ്റ് വീതവും.

മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് കിട്ടിയത് വിൻഡീസിനെക്കാൾ മികച്ച തുടക്കമായിരുന്നു. മൂന്നോവറിൽ സ്കോർ 20 എത്തിയപ്പോഴാണ് ഡെവൺ കോൺവെയുടെ (5) രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പവർ പ്ലേയിലെ അവസാന ഓവറിൽ ഫിൻ അലനും (26) പുറത്താകുമ്പോൾ സ്കോർ 34. എന്നാൽ, തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റന്‍ കെയിൻ വില്യംസണും (1) മടങ്ങിയതോടെ പ്രതിസന്ധിയായി.

പിന്നീട് മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സും (33 പന്തിൽ 40) വാലറ്റത്ത് മിച്ചൽ സാന്‍റ്നറും (12 പന്തിൽ 21) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

19 റൺസിനു നാല് വിക്കറ്റ് നേടിയ പേസ് ബൗളർ അൽസാരി ജോസഫാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്. സ്പിന്നർ ഗുദാകേഷ് മോടി 25 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ആന്ദ്രെ റസലിനും അക്കീൽ ഹുസൈനും ഓരോ വിക്കറ്റ്.