

വെസ്റ്റ് ഇൻഡീസ് ടീം
മിർപുർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ജയം. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് ഉയർത്തിയ 170 റൺസ് വിജയലക്ഷ‍്യം വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. പുറത്താകാതെ 115 പന്തിൽ 81 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ ബ്രാണ്ടൻ കിങ്ങിന്‍റെ പ്രകടന മികവിലാണ് വിൻഡീസ് വിജയം നേടിയത്. നേരത്തെ രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 142 റൺസിന് ഓൾഔട്ടായതോടെയാണ് 169 റൺസ് ലീഡായത്.
വിൻഡീസ് സ്പിന്നർ റോസ്റ്റൺ ചേസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോമൽ വാരിക്കൻ നാലും ഷമാർ ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി. മോശം വെളിച്ചം, മഴ, മിന്നൽ എന്നിവ മൂലം നാലാം ദിവസം മത്സരം തടസപ്പെട്ടിരുന്നു. ഓപ്പണർമാരായ ജോൺ ക‍്യാംമ്പെല്ലും ബ്രാണ്ടൻ കിങ്ങും സ്പിന്നർമാരെ പ്രതിരോധിക്കുന്നതിനു പകരം ആക്രണോത്സുകമായാണ് ബാറ്റേന്തിയത്. സ്പിന്നർമാർക്കെതിരേ സ്വീപ് ഷോട്ടുകളിലൂടെ റൺസ് കണ്ടെത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 112 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ മത്സരത്തിന്‍റെ ഗതി തന്നെ മാറി.
അർധസെഞ്ചുറി നേടിയ ബ്രാണ്ടൻ കിങ്
ജോൺ ക‍്യാംമ്പെൽ
68 പന്തിൽ നിന്നുമാണ് ബ്രാണ്ടൻ കിങ് ടെസ്റ്റിൽ തന്‍റെ ആറാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഒടുവിൽ ബംഗ്ലാദേശ് പേസർ ഷൊറിഫുൾ ഇസ്‌ലാമാണ് ക‍്യാംമ്പെല്ലിനെ ഇൻസ്വിങ്ങറിലൂടെ ബൗൾഡാക്കി കൂട്ടുകെട്ട് പൊളിച്ചത്. മത്സരത്തിലെ ഒന്നാം ഇന്നിങ്സിലും ക‍്യാംമ്പെൽ അർധസെഞ്ചുറി നേടിയിരുന്നു. പിന്നാലെ ടാഗ്‌നരൈയ്ൻ ചന്ദർപോളിനെ ഒരു റൺസിന് ഹസൻ മഹ്മൂദ് പുറത്താക്കിയത് ടീമിന് അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും കാവെം ഹോഡ്ജും (31) ബ്രാണ്ടൻ കിങ്ങും ചേർന്ന് മൂന്നാം വിക്കറ്റിൽ 50 റൺസ് സഖ‍്യമുണ്ടാക്കിയതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ വിൻഡീസ് 1-0ന് ആധിപത‍്യം സ്ഥാപിക്കുകയായിരുന്നു.
6 വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് ആകെ 63 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്. നയീം ഹസൻ (52) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ അടക്കമുള്ള മറ്റു താരങ്ങൾ നിരാശപ്പെടുത്തി. തന്‍റെ ആദ‍്യ അർധസെഞ്ചുറിയാണ് നയീം ഹസൻ വിൻഡീസിനെതിരേ നേടിയത്. റോസ്റ്റൺ ചേസിന്‍റെയും ജോമൽ വാരിക്കന്‍റെയും അസാമാന‍്യ സ്പിൻ ആക്രമണത്തെ പ്രതിരോധിച്ച് നയീം ഹസൻ ബംഗ്ലാദേശിന്‍റെ ലീഡ് 150ന് മുകളിലേക്ക് ഉയർത്തി.
വ‍്യക്തിഗത സ്കോർ 29ൽ നിൽക്കെ നയീമിന്‍റെ ക‍്യാച്ച് ചേസ് കൈവിട്ടിരുന്നു. പിന്നീട് ജോമൽ വാരിക്കൻ എറിഞ്ഞ പന്ത് മിഡ് വിക്കറ്റിലേക്ക് അടിച്ച് സിംഗിളെടുത്താണ് നയീം 87 പന്തിൽ അർധസെഞ്ചുറി തികച്ചത്. തുടർന്ന് ലോംഗ് ഓണിൽ ഷോട്ടിന് ശ്രമിച്ച് നയീം പുറത്തായതോടെ ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 272 റൺസിന് ഓൾഔട്ടായിരുന്നു. അടുത്ത ആഴ്ച സിൽഹെറ്റിലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.