മെസി ഇനി എങ്ങോട്ട്?

മെസി ഇനി എങ്ങോട്ട്?

മെസിയുടെ കരിയർ ഇനിയും സജീവമായി ശേഷിക്കുമ്പോൾ, പണം മാത്രം നോക്കി, മത്സരക്ഷമതയും ഗ്ലാമറും കുറഞ്ഞ ഏതെങ്കിലും ലീഗിലേക്കു പോകേണ്ട ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം മെസിയുടെ ആരാധകരെങ്കിലും ചോദിക്കുന്നുണ്ട്.

#സ്പോർട്സ് ലേഖിക

ലയണൽ മെസി പിഎസ്ജി വിട്ട് സൗദി അറേബ്യൻ ക്ലബ്ബുമായി കരാറായെന്ന വാർത്തകൾക്കു പുറകേ, അടുത്ത നീക്കം എന്തായിരിക്കുമെന്നുള്ള ചൂടേറിയ ചർച്ചയിലാണ് ഫുട്ബോൾ ആരാധകർ. മെസി വീണ്ടും ബാഴ്സലോണയിലേക്ക് തിരിച്ചു വരുമോ, സൗദി അറേബ്യൻ ക്ലബ്ബിനെ തെരഞ്ഞെടുക്കുമോ, അതോ ഇതുവരെയുള്ള അപമാനങ്ങളെയെല്ലാം വിസ്മരിച്ച് പിഎസ്ജിയിൽ തന്നെ തുടരുമോ... അങ്ങനെ ചോദ്യങ്ങൾ നിരവധി.

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുടർന്ന് മെസിയും സൗദിയിലേക്ക് ചേക്കേറുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഈ സീസൺ തീരുന്നതു വരെ മെസിക്ക് അത്തരത്തിലുള്ള യാതൊരു നീക്കവുമില്ലെന്ന് മെസിയുടെ പിതാവ് ജോർജ് മെസി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. അതു സ്വാഭാവികവുമാണ്, ജൂണിൽ അവസാനിക്കുന്ന സീസണോടെ മെസിക്ക് പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുമെന്നതും ഇതിനോടു ചേർത്തു വായിക്കണം.

ബാഴ്സലോണയും അൽ ഹിലാലും ഒരു പോലെ മെസിയെ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. എന്നാൽ, സ്പാനിഷ് ലീഗിൽ നടപ്പാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കുക എന്നത് ബാഴ്സയ്ക്ക് കടുത്ത വെല്ലുവിളിയായിരിക്കം.

കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലേക്ക് നടത്തിയ യാത്രയുടെ പുറകേയാണ് പിഎസ്ജി മെസിയെ താരമൂല്യമൊന്നും കണക്കാക്കാതെ സസ്പെൻഡ് ചെയ്തത്. പിഎസ്ജിയുടെ അനുവാദമില്ലാതെ യാത്ര ചെയ്തതിൽ മെസി ക്ലബ്ബിനോടും സഹ മത്സരാർഥികളോടും ക്ഷമ ചോദിച്ചിരുന്നു. അതിനു പുറകേയാണ് സൗദി ക്ലബുമായി വൻ തുകയ്ക്ക് മെസി കരാർ ഒപ്പിട്ടുവെന്ന വാർത്ത പുറത്തു വന്നത്. പിഎസ്ജി ഈ വാർത്തയെ തള്ളിയിട്ടുണ്ട്.

റിയാദ് കേന്ദ്രീകരിച്ചുള്ള സൗദി ക്ലബ് അൽ ഹിലാലും മെസിയുമായി ബന്ധപ്പെട്ട് ചില വാർത്തകൾ ഒരു മാസം മുൻപേ പുറത്തു വന്നിരുന്നു. പക്ഷേ, ഇതിലൊന്നും മെസി പ്രതികരിച്ചിട്ടില്ല.

റൊണാൾഡോയുടെ വരവ് സൗദി അറേബ്യയുടെ ഫുട്ബോൾ മേഖലയിൽ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. മെസി റൊണാൾഡോയ്ക്ക് എതിരേ കളിക്കുകയാണെങ്കിൽ ഡിസംബറിൽ ആദ്യമായി ക്ലബ് വേൾഡ് കപ്പിനു വേണ്ടി തയാറെടുക്കുന്ന സൗദി അറേബ്യയ്ക്ക് അതൊരു മുതൽക്കൂട്ടാകും.

2021 ലാണ് മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയുമായി കരാർ ഉറപ്പിച്ചത്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊന്നും നടക്കാത്തതും മെസിയുടെ സൗദി പ്രവേശനം സംബന്ധിച്ച വാർത്തകൾക്ക് ശക്തി പകരുന്നു.

സ്പാനിഷ് ലീഗിൽ ഉശിരോടെ മുന്നേറുന്ന ബാഴ്സലോണയുടെ പരിശീലകൻ സാവി ഹെർണാണ്ടസ് മെസിയെ തിരികെ വേണമെന്ന ആഗ്രഹം ഇപ്പോഴേ പരസ്യമാക്കിയിട്ടുണ്ട്. മെസിയും കുടുംബവുമായി ഏറെ അടുപ്പമുള്ള ക്ലബ്ബാണ് ബാഴ്സലോണ. ജൂനിയർ തലം മുതൽ മെസി കളിച്ചുവളർന്ന കളിക്കളമാണവിടത്തേത്. ക്ലബ് പ്രസിഡന്‍റ് ജോൺ ലപോർട്ടയ്ക്കും മെസി തിരിച്ചു വരണമെന്നാണ് ആഗ്രഹം.

എന്നാൽ, ഡേവിഡ് ബെക്കാമും വെയ്ൻ റൂണിയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചുമൊക്കെ കരിയറിന്‍റെ അവസാന ഘട്ടം ചെലവിട്ട യുഎസിലെ മേജർ സോക്കർ ലീഗും മെസിക്കു മുന്നിൽ ഒരു സാധ്യത തന്നെയാണ്. എന്നാൽ, ഇവരെല്ലാം അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്ലബ് കരിയറിലെ മുഖ്യധാരയിൽ തുടരാൻ പോലും സാധ്യത അവസാനിച്ച ഘട്ടത്തിലാണ് യുഎസിലേക്കു കുടിയേറിയത് എന്നത് വസ്തുതയാണ്. മെസിയുടെ കരിയറിൽ ഇനിയും ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും സജീവമായി ശേഷിക്കുമ്പോൾ, പണം മാത്രം നോക്കി, മത്സരക്ഷമതയും ഗ്ലാമറും കുറഞ്ഞ അമേരിക്കൻ ലീഗിലേക്കു പോകേണ്ട ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം മെസിയുടെ ആരാധകരെങ്കിലും ചോദിക്കുന്നുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com