ആരാണ് ഗുകേഷ് ദൊമ്മരാജു?

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്‍റില്‍ വിജയിച്ചതോടെയാണ് ഗുകേഷ് ദൊമ്മരാജു എന്ന പേര് ചെസ് ലോകം തിരയുന്ന പേരായി മാറിയത്; ഇപ്പോഴിതാ ലോക ചാംപ്യന്‍റെ കിരീടവും...
Who is D Gukesh‍?
ഡി. ഗുകേഷ്
Updated on

മുൻ ചാംപ്യൻ കൂടിയായ ഡിങ് ലിറെനെ പരാജയപ്പെടുത്തി ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ഡി. ഗുകേഷ്. വിശ്വനാഥൻ ആനന്ദിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ താരം ചാംപ്യൻഷിപ്പ് നേടുന്നത്.

പതിനാലാമത്തെ മത്സരത്തിൽ വിജയിച്ചതോടെ ഏഴര പോയിന്‍റ് നേടിയാണ് 18കാരനായ ഗുകേഷ് വിജയിയായി മാറിയത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചാംപ്യൻഷിപ്പ് നേടിയെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ഇന്ത്യയുടെ അഭിമാനമുയർത്തിയിരിക്കുകയാണ് ഗുകേഷ്.

ചെന്നൈ നഗരത്തിന്‍റെ സ്വന്തം

ഇഎന്‍ടി സര്‍ജനായ രജനികാന്തിന്‍റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകനായി 2006 മേയ് 29ന് ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കറാണ് ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ചു തുടങ്ങി ആറാം മാസത്തില്‍ തന്നെ ഗുകേഷ് ഫിഡെ റേറ്റിങ്ങുള്ള താരമായി വളര്‍ന്നു എന്നതു തന്നെ ഗുകേഷിന്‍റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി.

7-ാം വയസില്‍ ചെസ് കളി പഠിച്ച ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന റഷ്യന്‍ താരം സെര്‍ജി കാര്യാക്കിന്‍റെ റെക്കോഡ് മറികടക്കാനുള്ള അവസരം17 ദിവസത്തെ വ്യത്യാസത്തില്‍ നഷ്ടമായി. 2019ലായിരുന്നു ഇത്.

എന്നാല്‍, അവിടെ ഗുകേഷ് തളര്‍ന്നില്ല. 2022 ജൂലൈ 16നു ബിയല്‍ ചെസ് ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ക്വാങ് ലിയമിനെ തോല്‍പിച്ചുകൊണ്ട് ഗുകേഷ് ചെസിലെ വന്‍ കടമ്പയായി വിശേഷിപ്പിക്കപ്പെടുന്ന 2700 ഇലോ റേറ്റിങ് മറികടന്നു. ഒളിംപ്യാഡില്‍ ഇന്ത്യന്‍ ബി ടീമംഗമായിരുന്ന ഗുകേഷ് ലോകോത്തര താരങ്ങളെ അട്ടിമറിച്ചു.

അന്ന് ബുദ്ധിയുടെ പോരാട്ടത്തില്‍ സ്‌പെയിനിന്‍റെ അലക്‌സി ഷിറോവ്, അര്‍മീനിയന്‍ താരം ഗബ്രിയേല്‍ സര്‍ഗീസന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഗുകേഷിന്‍റെ ബുദ്ധിക്കു മുന്നില്‍ വിണു. അഞ്ചാം റൗണ്ടിലെ വിജയം കഴിഞ്ഞതോടെ വിശ്വനാഥന്‍ ആനന്ദിനും പെന്‍റല ഹരികൃഷ്ണയ്ക്കും പിന്നാലെ ഏറ്റവും റേറ്റിങ്ങുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ഗുകേഷ്.

പിന്നീട് ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ താരം ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ വിജയിച്ചിരുന്നു. ചെന്നൈയില്‍ ജനിച്ച ഗുകേഷ് 12ാം വയസ്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. താരത്തിന് 12 വയസും ഏഴു മാസവും 17 ദിവസവുമായിരുന്നു അന്ന് പ്രായം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com