ബുംറയ്ക്കു പകരം സ്പിന്നറോ ഓൾറൗണ്ടറോ?

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ലെങ്കിൽ, ലൈക്ക് ഫോർ ലൈക്ക് പകരക്കാരനു പകരം ഔട്ട് ഓഫ് ദ ബോക്സ് ആശയങ്ങളും പരിഗണിച്ചേക്കും
Who will replace Jasprit Bumrah‍? India likely to play spinner or allrounder in 2nd cricket test vs England

ജസ്പ്രീത് ബുംറ

ഫയൽ ഫോട്ടൊ

Updated on

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ മൂന്നെണ്ണത്തിൽ മാത്രമായിരിക്കും സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറ കളിക്കുക എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാൽ, രണ്ടാം ടെസ്റ്റിൽ അദ്ദേഹത്തിനു വിശ്രമം നൽകാനാണ് സാധ്യത. ആദ്യ ടെസ്റ്റിൽ മികവ് പുലർത്തിയ ഒരേയൊരു ഇന്ത്യൻ ബൗളറായ ബുംറ ഇല്ലാതെ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ പകരം ആര് എന്ന ചോദ്യം ടീം മാനേജ്മെന്‍റിനു തലവേദനയാണ്.

ബുംറയ്ക്കു പകരം ഒരു പേസ് ബൗളറെ ടീമിൽ ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും ലളിതമായ പോംവഴി. എന്നാൽ, ഇതുകൊണ്ട് ബൗളിങ് നിരയുടെ പ്രകടനം മെച്ചപ്പെടുത്താനാവുമോ എന്ന കാര്യത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സംശയമാണ്. അതിനാൽ തന്നെ ഔട്ട് ഓഫ് ദ ബോക്സ് ആശയങ്ങളും കോച്ച് ഗൗതം ഗംഭീറിന്‍റെ പരിഗണനയിൽ വന്നേക്കും. വിദേശ രാജ്യങ്ങളിൽ സമീപ കാലങ്ങളിൽ പതിവില്ലാത്ത രീതിയിൽ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായി ഇറങ്ങാനുള്ള സാധ്യതയാണ് ഇതിലൊന്ന്. അങ്ങനെ വന്നാൽ ബുംറയുടെ സ്ഥാനത്ത് കുൽദീപ് യാദവ് പ്ലെയിങ് ഇലവനിലെത്തും.

ആദ്യ ടെസ്റ്റിൽ ടീമിലുണ്ടായിരുന്ന ഏക സ്പിന്നർ രവീന്ദ്ര ജഡേജ മോശമല്ലാതെ പന്തെറിഞ്ഞെങ്കിലും മത്സരത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, പരിചയസമ്പത്തും ബാറ്റിങ് മികവും കൂടി കണക്കിലെടുക്കുമ്പോൾ ജഡേജ ടീമിൽ തുടരാനാണ് സാധ്യത. രണ്ടാം സ്പിന്നർ എന്ന നിലയിൽ വാഷിങ്ടൺ സുന്ദറിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ഓഫ് സ്പിന്നർ എന്ന നിലയിൽ വൈവിധ്യം കൊണ്ടുവരാൻ സുന്ദറിനു സാധിക്കും. ഒപ്പം, രണ്ടിന്നിങ്സിലും ദയനീയമായി തകർന്നടിഞ്ഞ വാലറ്റത്തിന്‍റെ ബാറ്റിങ് കരുത്ത് വർധിപ്പിക്കാനും സാധിക്കും.

ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും നിറം മങ്ങിയ ശാർദൂൽ ഠാക്കൂറിനു പകരം ഓൾറൗണ്ടർ റോളിൽ സുന്ദർ ടീമിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാൽ ബുംറയ്ക്കു പകരം മറ്റൊരു പേസ് ബൗളർ തന്നെ കളിക്കും. അത് അർഷ്‌ദീപ് സിങ്ങോ ആകാശ് ദീപോ എന്നു മാത്രമാണ് അറിയാനുള്ളത്.

മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ടീമിലുള്ള സ്ഥിതിക്ക് ഇതേ മോൾഡിലുള്ള ആകാശ് ദീപിനെക്കൂടി കളിപ്പിച്ചാൽ പേസ് ബൗളിങ് നിരയിൽ വൈവിധ്യം പ്രതീക്ഷിക്കാനാവില്ല. ഇടങ്കയ്യനും സ്വിങ് ബൗളറുമായി ആകാശ്‌ദീപിന്‍റെ അരങ്ങേറ്റത്തിനു സാധ്യത വർധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ആദ്യ മത്സരത്തിൽ സിറാജും പ്രസിദ്ധും കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെങ്കിലും, ഇവർ ഇരുവരെയും നിലനിർത്തിയേക്കും. ബുംറയുടെ അഭാവത്തിൽ പേസ് ബൗളിങ് നിരയെ നയിക്കാനുള്ള നിയോഗം സിറാജിനായിരിക്കും. രണ്ടിന്നിങ്സിലും നിർലോപം റൺസ് വഴങ്ങിയെങ്കിലും പ്രസിദ്ധിന്‍റെ ബൗൺസറുകൾ കോച്ച് ഗൗതം ഗംഭീർ അടക്കമുള്ളവരെ തൃപ്തിപ്പെടുത്തിയിരുന്നു.

പ്രസിദ്ധ് കൂടി പുറത്തായാൽ മാത്രമാണ് ആകാശ് ദീപിനും അർഷ്‌ദീപ് സിങ്ങിനും ഒരുമിച്ച് ടീമിലെത്താൻ സാധിക്കുക. ഇംഗ്ലിഷ് സാഹചര്യങ്ങളിലുള്ള പരിചയസമ്പത്താണ് അർഷ്‌ദീപിനുള്ള ആനുകൂല്യം. ഒപ്പം, ലിമിറ്റഡ് ഓവർ മത്സരങ്ങളിലാണെങ്കിലും, ആകാശ് ദീപിനെക്കാൾ അന്താരാഷ്ട്ര പരിചയവും കൂടുതലുണ്ട്. കഴിഞ്ഞ വർഷം കൗണ്ടി ടീം കെന്‍റിനായി കളിച്ച അർഷദീപ് 13 വിക്കറ്റുകളും പിഴുതിരുന്നു.

അതേസമയം, ശാർദൂൽ ഠാക്കൂറിനു പകരം നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത കൂടി നിലനിൽക്കുന്നുണ്ട്. ശാർദൂൽ ബൗളിങ് ഓൾറൗണ്ടറാണെങ്കിൽ നിതീഷ് ബാറ്റിങ് ഓൾറൗണ്ടറാണ്. ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ ഫലം നിർണയിക്കുന്നതിൽ നിർണായകമായ വാലറ്റത്തിന്‍റെ ദൗർബല്യം പരിഹരിക്കാൻ നിതീഷിനു സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. എഡ്ജ്ബാസ്റ്റണിലെ വിക്കറ്റ് സ്പിന്നിനോ പേസിനോ കൂടുതൽ അനുകൂലമാകുക എന്ന വിശകലനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സുന്ദറോ നിതീഷോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ബാറ്റിങ് നിരയിൽ കരുൺ നായരും സായ് സുദർശനും പ്രതീക്ഷിച്ച മികവ് പുറത്തെടുത്തില്ലെങ്കിലും ഇരുവർക്കും രണ്ടാം ടെസ്റ്റിലും അവസരം ലഭിക്കാൻ തന്നെയാണ് സാധ്യത. രണ്ടിന്നിങ്സിലും സായ് സുദർശന് മികച്ച തുടക്കങ്ങൾ ലഭിച്ചിരുന്നെങ്കിലും വലിയ സ്കോറുകളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല. കരുൺ നായരുടെ ബാറ്റിങ്ങിൽ ആത്മവിശ്വാസക്കുറവും നിഴലിച്ചിരുന്നു. ഇവരിലൊരാൾക്ക് സ്ഥാനചലനമുണ്ടായാൽ ധ്രുവ് ജുറലിന് സ്പെഷ്യലിസ്റ്റ് ബാറ്ററായി ലോവർ മിഡിൽ ഓർഡറിൽ അവസരം കിട്ടും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com