ഇവാൻ വുകോമനോവിച്ച്
ഇവാൻ വുകോമനോവിച്ച്

ആരാകും വുകോമനോവിച്ചിന്‍റെ പിൻഗാമി?

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിച്ച കോച്ച്, ഏറ്റവും കൂടുതൽ വിജയവും വിജയശരാശരിയുമുള്ള കോച്ച്, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ കോച്ച്

മുംബൈ: സൂപ്പർ കോച്ച് ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടതോടെ പുതിയ പരിശീലകനെ തേടി കേരള ബ്ലാസ്റ്റേഴ്സ്. 2021 - 2022 സീസണിനു മുന്നോടിയായി കൊച്ചി ക്ലബ്ബിൽ എത്തിയ സെർബിയക്കാരൻ ഇവാൻ വുകോമനോവിച്ച് കരാർ പ്രകാരം ഒരു വർഷം കൂടി ബാക്കിയിരിക്കെയാണു പടിയിറങ്ങിയത്. വുകോമനോവിച്ചിനു കീഴിൽ ഒരു തവണ ഐഎസ്എൽ ഫൈനലിലും രണ്ടു തവണ പ്ലേ ഓഫ് എലിമിനേറ്ററിലുമെത്താനായിരുന്നു കൊച്ചി ടീമിന്.

ഇത്തവണ സെമിയിലെത്തിയ ഒഡീഷ എഫ്സിയുടെ സെർജിയൊ ലൊബെറ, മുംബൈ സിറ്റി എഫ്സി യുടെ പീറ്റർ ക്രാറ്റ്കി, എഫ്സി ഗോവയുടെ മനോലോ മാർക്കേസ്, മോഹൻ ബഗാൻ സൂപ്പർ ജയന്‍റിന്‍റെ അന്‍റോണിയോ ലോപസ് ഹബാസ് തുടങ്ങിയവരെ കൊച്ചി ടീം നോട്ടമിട്ടിരുന്നു. ഇവരിൽ പീറ്റർ ക്രാറ്റ്കി, മനാലോ മാർക്കേസ് എന്നിവരിൽ ഒരാൾക്കാണു സാധ്യതയെന്നു കരുതുന്നു.

അതേസമയം, വുകോമനോവിച്ചിന്‍റെ പിന്മാറ്റം കേരള ടീമിന് വലിയ വെല്ലുവിളിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 67 കളികളിൽ ടീമിനെ പരിശീലിപ്പിച്ച വുകോമനോവിച്ചിനു കീഴിൽ കേരളം 30 ജയം നേടിയിരുന്നു. 13 കളികൾ സമനിലയിൽ അവസാനിച്ചപ്പോൾ 24 മത്സരങ്ങളിൽ മാത്രമാണു പരാജയപ്പെട്ടത്. 44.8 ശതമാനമായിരുന്നു വിജയം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിച്ച കോച്ച്, ഏറ്റവും കൂടുതൽ വിജയവും വിജയശരാശരിയുമുള്ള കോച്ച്, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ കോച്ച്, പോയിന്‍റ് ശരാശരിയിൽ (1.58%) മുന്നിൽ, തുടർച്ചയായി മൂന്നു പ്ലേ ഓഫുകളിൽ ടീമിനെ എത്തിച്ച പരിശീലകൻ തുടങ്ങി നിരവധി നേട്ടങ്ങളുമായാണു വുകോമനോവിച്ച് മടങ്ങുന്നത്.

വുകോമനോവിച്ച് വരുന്നതിനു മുൻപുള്ള സീസണിൽ പത്താം സ്ഥാനത്തായിരുന്നു ക്ലബ്. 2018നുശേഷം ആദ്യ ആറിലെത്താനായിരുന്നില്ല ടീമിന്. ഇതിൽ നിന്നു വലിയൊരു മാറ്റമാണു സെർബിയൻ കോച്ച് സൃഷ്ടിച്ചത്. ആക്രമണ ഫുട്ബോൾ കേരളത്തെ പഠിപ്പിച്ച കോച്ചിന് ടീമിനെ മികവിലെത്തിക്കാൻ മാത്രമല്ല, വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാനുമായി.

പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നതിലും സെർബിയൻ കോച്ച് ശ്രദ്ധപുലർത്തി. സച്ചിൻ സുരേഷ്, വിബിൻ മോഹനൻ, മുഹമ്മദ് ആമീൻ തുടങ്ങിയവർക്ക് ഏറെ അവസരം നൽകിയ കോച്ച് അവരിൽ വിശ്വാസമർപ്പിച്ചതിലൂടെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുപ്പിക്കുകയും ചെയ്തു.