
രോഹിത് ശർമ
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു രോഹിത് ശർമ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചതോടെ പുതിയ ക്യാപ്റ്റനെ തേടുകയാണ് ബിസിസിഐ. കെ.എൽ. രാഹുൽ മുതൽ ശുഭ്മൻ ഗില്ലിന്‍റെ പേര് വരെ പറഞ്ഞു കേൾക്കുന്നു. 25 വയസുകാരനായ ഗിൽ നായകനാകാനാണ് സാധ‍്യതയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൽ ടീമിനെ നയിച്ചു പരിചയമില്ലാത്ത ഗില്ലിനെ ഏൽപ്പിച്ചാൽ എത്രത്തോളം ഫലമുണ്ടാവുമെന്ന കാര‍്യത്തിൽ ആശങ്ക നിലനിൽക്കുന്നു.
ഇംഗ്ലണ്ട് പര്യടനമായിരിക്കും പുതിയ ക്യാപ്റ്റന്‍റെ ആദ്യ ഉത്തരവാദിത്വം എന്ന നിലയിൽ ഈ തീരുമാനം സങ്കീർണമാണ്. ബാറ്റർ നിലയിൽ വിദേശ സാഹചര‍്യത്തിൽ ആകെ ഒരു സെഞ്ചുറി മാത്രമാണ് ഗില്ലിന് ഇതുവരെ നേടാനായിട്ടുള്ളത്. ഈ കാര‍്യങ്ങളെല്ലാം പരിശോധിക്കുമ്പോൾ നായകനാകാൻ ഗിൽ അനുയോജ‍്യനാണോയെന്ന ചോദ‍്യം അവശേഷിക്കുന്നു.
രോഹിത്തിന്‍റെ അഭാവത്തിൽ നായകനാകാൻ എന്തുകൊണ്ടും അനുയോജ‍്യനാണ് ജസ്പ്രീത് ബുംറ. നിരന്തരം പരുക്കുകൾ വരുന്നത് മൂലമാണ് ബുംറയെ നായക സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്നാണ് വിവരം. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ‍്യ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് ബുംറയായിരുന്നു. പരമ്പരയിൽ ഇന്ത്യ നേടിയ ഏക ജയവും ഈ മത്സരത്തിലായിരുന്നു. ആ മത്സരം 295 റൺസിനായിരുന്നു ടീം വിജയിച്ചത്.
നിരന്തരമായ പരുക്കുകളും അമിത ജോലിഭാരവും കാരണം ബുംറയെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നാൽ അതൊരു മോശം തീരുമാനമാണന്നേ പറയാൻ കഴിയു. ടെസ്റ്റ് കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുന്ന ബുറയ്ക്ക് ടീമിനു നൽകാൻ കഴിയുന്ന ഇംപാക്റ്റ് വളരെ വലുതാണ്. 2025-27 ടെസ്റ്റ് ചാംപ‍്യൻഷിപ്പ് അടുത്തു വരുന്ന സാഹചര‍്യം കൂടി കണക്കിലെടുക്കുമ്പോൾ ബുംറയെക്കാൾ മികച്ച ഓപ്ഷൻ വേറെയില്ല.
ബുംറയ്ക്കു പുറമെ പറഞ്ഞു കേൾക്കുന്ന പേരാണ് കെ.എൽ. രാഹുലിന്‍റെത്. മൂന്നു ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത‍്യയെ നയിച്ച രാഹുൽ ഇതിൽ രണ്ട് മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെയും പഞ്ചാബ് കിങ്സിനെയും നയിച്ച പരിചയസമ്പത്ത് കൂടിയാകുമ്പോൾ രോഹിത്തിന്‍റെ സ്ഥാനത്ത് രാഹുലിനെ പരിഗണിക്കാവുന്നതാണ്. പക്ഷേ 33 വയസ് പിന്നിട്ട രാഹുലിനെ നായകനാക്കിയാൽ എത്ര നാളത്തേക്ക് നിലനിർത്തുമെന്ന ചോദ‍്യം ഉയരുന്നു. ഒപ്പം, ടെസ്റ്റ് ടീമിൽ ഇപ്പോഴും സ്ഥാനം ഉറപ്പില്ലാത്ത ബാറ്ററാണ് രാഹുൽ.
പിന്നെയുള്ളത് വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. വിദേശ സാഹചര‍്യങ്ങളിൽ ബാറ്റർ എന്ന നിലയിൽ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവച്ചിട്ടുള്ളതെങ്കിലും, ഇത്തവണത്തെ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർജയന്‍റ്സിന്‍റെ നായകനായ ശേഷം മോശം ഫോമിലാണ് പന്ത് ക്യാപ്റ്റൻസിയുടെ സമ്മർദമാണോ ഇതിനു കാരണം എന്നു സംശയിക്കാവുന്നതാണ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര‍്യടനത്തിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ ഋഷഭ് പന്തിനെ നായകസ്ഥാനം ഏൽപ്പിക്കുന്നത് അത്ര നന്നല്ലെന്നു കരുതുന്നവർ ഏറെ.
രവീന്ദ്ര ജഡേജയും വിരാട് കോലിയും അന്താരാഷ്ട്ര കരിയറിന്‍റെ അവസാന ഘട്ടത്തിലാണ്. അതിനാൽ തന്നെ ഇരുവരെയും ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുന്നത് താത്കാലിക സംവിധാനം മാത്രമാകും. യുവ ബാറ്റർ യശസ്വി ജയ്സ്വാൾ ആകട്ടെ കരിയറിന്‍റെ ആരംഭ ഘട്ടത്തിലും.
ടെസ്റ്റ് ക്രിക്കറ്റിൽ പിന്നെ നേതൃമികവ് തെളിയിച്ചിട്ടുള്ളത് അജിങ്ക‍്യ രഹാനെയാണ്. ആറ് ടെസ്റ്റിൽ ഇന്ത‍്യയെ നയിച്ച രഹാനെ 4 വിജയം ടീമിനു നേടിക്കൊടുത്തിട്ടുണ്ട്. 2021-22 ൽ ചരിത്രപരമായ ഗാബ ടെസ്റ്റ് വിജയവും രഹാനെയുടെ ക്രെഡിറ്റിലുണ്ട്. ക്യാപ്റ്റൻ എന്ന നിലയിലും രഹാനെ കഴിവ് തെളിയിച്ചതാണ്. 2023ലെ ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നായി നേടിയ 135 റൺസ് അതിനു ഉദാഹരണമാണ്.
എന്നാൽ, നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ രഹാനെയ്ക്ക് ഇടം ഉറപ്പിക്കാൻ സാധിക്കില്ല, സെലക്റ്റർമാർ ഭാവിയിലേക്കു നോക്കുമ്പോൾ പ്രത്യേകിച്ചും. യുവതാരങ്ങളെ കൂടുതൽ പരിഗണിക്കപ്പെടുമ്പോൾ പ്രകടന മികവും പരിചയസമ്പത്തുമുള്ള ഇത്തരം താരങ്ങൾക്ക് ടീമിൽ അവസരമില്ലെന്നുള്ളതും ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്നു. പുതിയ നായകനാരെന്ന ബിസിസിഐയുടെ ഔദ‍്യോഗിക പ്രഖ‍്യാപനത്തിനായി കാത്തിരിക്കാം.