

വെങ്കടേഷ് അയ്യർ
16.4 കോടി രൂപയുമായാണ് ഇത്തവണത്തെ ഐപിഎൽ മിനി ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരങ്ങളെ സ്വന്തമാക്കാനെത്തിയത്. എന്നാൽ 7 കോടി രൂപ മുടക്കി ഓൾറൗണ്ടർ വെങ്കടേഷ് അയ്യരെ ആർസിബി വിളിച്ചെടുത്തത് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി തീർന്നിട്ടുണ്ട്.
എന്തുകൊണ്ടായിരിക്കും ഇത്രയും തുക വെങ്കടേഷ് അയ്യരിനു വേണ്ടി ആർസിബി മുടക്കിയത്?
നീണ്ട 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസിബി കന്നി കിരീടം നേടിയത്. രജദ് പാട്ടിദാർ നയിക്കുന്ന ടീമിൽ ഇംഗ്ലണ്ട് താരം ഫിൽ സോൾട്ടും ചേസ് മാസ്റ്റർ വിരാട് കോലിയുമാണ് ഓപ്പണിങ്ങിറങ്ങുന്നത്. ദേവ്ദത്ത് പടിക്കലാണ് സ്ഥിരമായി ആർസിബിക്കു വേണ്ടി മൂന്നാം സ്ഥാനത്തിറങ്ങാറുള്ളത്. എന്നാൽ 21 മത്സരങ്ങളിൽ നിന്നും 24.15 ശരാശരിയിൽ 483 റൺസ് മാത്രമാണ് പടിക്കലിന് നേടാനായിട്ടുള്ളത്. 138.79 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. എന്നാൽ വെങ്കടേഷ് അയ്യർ 15 മത്സരങ്ങളിൽ നിന്നും 43.23 ശരാശരിയിൽ 562 റൺസ് അടിച്ചിട്ടുണ്ട്.
പടിക്കലുമായി താരതമ‍്യം ചെയ്യുമ്പോൾ മൂന്നാം നമ്പറിൽ 168.77 ആണ് അയ്യരിന്‍റെ സ്ട്രൈക്ക് റേറ്റ്. മൂന്നാം നമ്പർ ഭദ്രമായി കളിക്കാൻ കെൽപ്പുള്ള താരത്തിനെ തെരഞ്ഞെടുക്കുകയെന്ന ലക്ഷ‍്യത്തിലായിരിക്കണം ആർസിബി ഇങ്ങനെയാരു തീരുമാനത്തിന് മുതിർന്നത്. കൂടാതെ ആഭ‍്യന്തര ക്രിക്കറ്റിൽ മധ‍്യപ്രദേശിനു വേണ്ടി ഒരുമിച്ചു കളിക്കുന്ന താരങ്ങളാണ് വെങ്കിടേഷ് അയ്യരും രജദ് പാട്ടിദാറും.
അതിനാൽ ഇരുവരുടെയും ടീം കോംബിനേഷൻ മെച്ചപ്പെടുത്താൻ ഇത് സഹായിച്ചേക്കാം. അത് മാത്രവുമല്ല നിർണായക ഘട്ടങ്ങളിൽ സമ്മർദമില്ലാതെ പ്രകടനം പുറത്തെടുക്കുന്നതിൽ പടിക്കലിനെക്കാൾ ഒരുപിടി മുന്നിലാണ് അയ്യരിന്‍റെ സ്ഥാനം. ഐപിഎൽ പ്ലേ ഓഫുകളിൽ ടീമുകൾ നേടിയ റൺസിന്‍റെ 35 ശതമാനം അടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ 7 കോടി രൂപ മുടക്കി താരത്തെ വിളിച്ചെടുത്ത തീരുമാനത്തെ തെറ്റ് പറയാൻ പറ്റില്ല.