
ഓസ്ട്രേലിയയ്ക്കെതിരായ ടി-20 പരമ്പരയിലെ നായകനായി സൂര്യ കുമാർ യാദവിനെ ബിസിസിഐ തെരഞ്ഞെടുത്തതിന് പിന്നാലെ ഏറെ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ നിർണായകഘട്ടത്തിൽ നിറംമങ്ങിയ സൂര്യകുമാറിനെ പിന്നാലെ നായകനാക്കിയ ബിസിസിഐയെ രൂക്ഷമായി വിമർശിക്കുന്നുണ്ട് ഇക്കൂട്ടർ.
കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ രണ്ട് വട്ടം ഫൈനലിൽ എത്തിച്ച മലയാളി താരം സഞ്ജു സാംസണ് ടീമിൽ അവസരം പോലും നൽകിയില്ലെന്നതും വിവാദങ്ങൾക്ക് വഴിവച്ചു. ടി-20 മത്സരങ്ങളിൽ സൂര്യകുമാർ എന്നും സെൻസേഷണൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ട് സൂര്യകുമാർ എന്ന ചോദ്യത്തിന് ചില ഉത്തരങ്ങൾ..
ക്യാപ്റ്റനെന്ന നിലയിൽ 500ലധികം റൺസ്
കണക്കുകൾ അനുസരിച്ച്, 2019-ൽ അരങ്ങേറിയതിന് ശേഷം ഇതുവരെ 17 ടി-20 മത്സരങ്ങളിൽ സൂര്യകുമാർ നയിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ അദ്ദേഹം ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു, 39.23 ശരാശരിയിൽ 510 റൺസ് നേടി. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 166.12 ആണ്. നാല് അർധസെഞ്ചുറികൾ സ്വന്തമാക്കി. പുറത്താകാതെ നേടിയ 94 റൺസാണ് ഉയർന്ന സ്കോർ. എന്നാൽ ഈ മത്സരങ്ങളിൽ സൂര്യക്ക് മൂന്ന് ഡക്കുകളുമുണ്ട്.
മുംബൈ ഇന്ത്യൻസ് നായകൻ
ഇന്ത്യൻ പ്രീമിയർ ലീഗിലും ഒരു തവണ സൂര്യ നായകന്റെ റോളിലെത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്നു. അഞ്ച് തവണ ചാംപ്യന്മാരായ ടീം 17.4 ഓവറിൽ 186 റൺസ് പിന്തുടർന്നപ്പോൾ സൂര്യ 25 പന്തിൽ 43 റൺസ് നേടി. നാല് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
1000 റൺസ് നേടിയ ഏക ഇന്ത്യൻ താരം
2021 മാർച്ചിൽ തന്റെ അരങ്ങേറ്റം മുതൽ ടി20 ഐ ഫോർമാറ്റ് ഭരിക്കുന്ന താരമാണ് സൂര്യകുമാർ. 53 ടി-20യിൽ 46.02 ശരാശരിയിൽ 1,841 റൺസ്, 172.70 സ്ട്രൈക്ക്. മൂന്ന് സെഞ്ചുറികളും 15 അർധസെഞ്ചുറികളും ഉൾപ്പെട്ടതാണ് ഈ നേട്ടം. കഴിഞ്ഞ വർഷം, ഒരു കലണ്ടർ വർഷത്തിൽ 1,000 ടി20 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി സൂര്യ. 2022ൽ 187.43 സ്ട്രൈക്ക് റേറ്റിൽ ന് 1,164 റൺസ് നേടി.
അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റ്
ടി20യിൽ 18 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് സൂര്യകുമാറിനുള്ളത്. ഈ ഓരോ ഇന്നിങ്സിലും അവന്റെ സ്ട്രൈക്ക് റേറ്റുകൾ (183.8, 147.06, 155, 209.6, 212.7, 172.7, 261.5, 191.6, 151.5, 277.2, 246, 204, 246, 204, 246.11, 19.60, 188.64, 135.55). ടി-20 സൂര്യയുടെ മൊത്തം സ്ട്രൈക്ക് റേറ്റ് 172.70. ഫോർമാറ്റിലെ കുറഞ്ഞത് 1000 റൺസ് പൂർത്തിയാക്കിയ ഏതൊരു ബാറ്ററേയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ്.