ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് ഷമിയെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

തിരിച്ചുവരവിന് വേണ്ടി ഷമി ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും അജിത് അഗാർക്കർ ചീഫ് സെലക്റ്ററായിരിക്കെ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല
why world cup hero mohammed shami was not picked for series against new zeland

മുഹമ്മദ് ഷമി

Updated on: 

ന‍്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ന‍്യൂസിലൻഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചത്. ആകാശ് ദീപ് അടക്കമുള്ള പേസർമാരെ ടീമിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിയെ ടീമിലെടുക്കാത്തത് ആരാധകർക്ക് ഇടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

തിരിച്ചുവരവിന് വേണ്ടി ഷമി ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും അജിത് അഗാർക്കർ ചീഫ് സെലക്റ്ററായിരിക്കെ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല. അഗാർക്കർ മാറി പ്രഖ‍്യാൻ ഓജ സെലക്റ്ററായിട്ടും ഷമിയുടെ സ്ഥിതിയിൽ വലിയ മാറ്റമില്ലെന്നാണ് ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ‍്യാപനത്തിൽ നിന്നും മനസിലാക്കേണ്ടത്.

ആഭ‍്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും ഷമി തഴയപെടുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ‍്യം. പ്രമുഖ ദേശീയ മാധ‍്യമമായ ഇന്ത‍്യൻ എക്സ്പ്രസിലെ മാധ‍്യമപ്രവർത്തകൻ ദേവേന്ദ്ര പാണ്ഡെയുടെ റിപ്പോർട്ട് പ്രകാരം ഷമിക്ക് നിലവിൽ ദീർഘ സ്പെല്ലുകൾ പന്തെറിയാൻ കഴിയില്ലെന്ന് സെലക്റ്റർമാർക്ക് തോന്നുന്നതിനാലാണ് അദ്ദേഹത്തിനു പകരം യുവതാരങ്ങളെ പരിഗണിക്കുന്നതെന്നാണ്. ഇത് കൂടാതെ പരുക്കിന് ശേഷം പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിക്കുന്നില്ലെന്നും ഷമിക്ക് ന‍്യൂബോളിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുന്നില്ലെന്നും സമൂഹമാധ‍്യമങ്ങളിൽ ക്രിക്കറ്റ് നിരീക്ഷകർ ആരോപണം ഉയർത്തുന്നുണ്ട്.

എന്നാൽ അടുത്തിടെ ഡൽഹിക്കെതിരേ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും 8 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബംഗാളിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും കായികക്ഷമത തെളിയിച്ചെന്നും ഇന്ത‍്യയ്ക്കു വേണ്ടി വീണ്ടും കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ അത് തന്‍റെ നഷ്ടമല്ലെന്നും ഷമി പറഞ്ഞിരുന്നു.

ഭുവനേശ്വർ കുമാറിന് ഇന്ത‍്യയ്ക്കു വേണ്ടി കളിക്കാൻ അവസരം ലഭിച്ചെന്നും അത് അദ്ദേഹത്തെ സംബന്ധിച്ച് നല്ല കാര‍്യമാണെന്നും പക്ഷേ അദ്ദേഹത്തെ തെരഞ്ഞെടുത്തതിൽ തനിക്ക് ആശങ്കയില്ലെന്നും എപ്പോഴെല്ലാം കളിക്കാൻ അവസരം ലഭിക്കുമ്പോഴും താൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഷമി പറഞ്ഞു. നിലവിൽ താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രഞ്ജി ട്രോഫി മത്സരങ്ങളിലാണെന്നാണ് ഷമി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com