ബ്രസീലിനെ ഫിഫ വിലക്കുമോ?

ടീമെന്ന നിലയിലും ഫുട്‌ബോള്‍ ഭരണത്തിന്‍റെ കാര്യത്തിലും ബ്രസീല്‍ നടുക്കയത്തിലായിക്കഴിഞ്ഞു
എഡ്നാൾഡോ റോഡ്രിഗസ്
എഡ്നാൾഡോ റോഡ്രിഗസ്

റിയോ ഡി ജനീറോ: ടീമെന്ന നിലയിലും ഫുട്‌ബോള്‍ ഭരണത്തിന്‍റെ കാര്യത്തിലും ബ്രസീല്‍ ഇപ്പോള്‍ നടുക്കയത്തിലാണ്. ബ്രസീലിലെ ഫുട്‌ബോള്‍ ഭരണത്തില്‍ കോടതി ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഫിഫ ചട്ടപ്രകാരം ഫുട്‌ബോള്‍ ഭരണത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടാകരുത്. എന്നാല്‍, ഇവിടെ കോടതി ഇടപെട്ടതോടെ ബ്രസീലിയന്‍ ഫുട്‌ബോളിന് വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം.

കോടതി ഇടപെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ഭരണസമിതിയായ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ പിരിച്ചുവിടുകയും താത്കാലിക ഭരണസമിതിക്ക് സുപ്രീംകോടതി രൂപംനല്‍കുകയും ചെയ്തതോടെ ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്കുവന്നിരുന്നു. പിന്നീട് ഫിഫ മാനദണ്ഡപ്രകാരം പുതിയ ഭരണസമിതി ചുമതലയേറ്റതോടെയാണ് വിലക്കുനീങ്ങിയത്. അതേ സാഹചര്യമാണ് ഇപ്പോള്‍ ബ്രസീലിയന്‍ ഫുട്‌ബോളിലും വന്നിരിക്കുന്നത്. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ്സ്ഥാനത്തുനിന്ന് എഡ്‌നാള്‍ഡോ റോഡ്രിഗസിനെ റിയോ ഡി ജനെയ്‌റോ കോടതി പുറത്താക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവില്‍ ല്‍, എഡ്‌നാള്‍ഡോ ഇപ്പോള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ വിധിയും എതിരായാലേ ഫിഫയ്ക്ക് ഇടപടേണ്ടതായിട്ടുള്ളൂ. മേല്‍ക്കോടതിയുടെ തീരുമാനം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എഡ്‌നാള്‍ഡോയ്ക്കുള്ളത്. 30 ദിവസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലവും ഫിഫ കണക്കിലെടുക്കും. പുതിയ ഭരണസമിതി നിലവില്‍ വന്നാല്‍, പിന്നെ നടപടിയുണ്ടാകില്ല. ഭരണപരമായ കാര്യങ്ങള്‍ക്കായി താത്കാലിക സമിതി കോടതി നിയോഗിച്ചു.

2022-ല്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ ഫെഡറേഷനും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരംനടന്ന തെരഞ്ഞെടുപ്പിലാണ് എഡ്‌നാള്‍ഡോ പ്രസിഡന്‍റാകുന്നത്. എന്നാല്‍, കരാറുണ്ടാക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അധികാരലംഘനം നടത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതാണ് ഇപ്പോള്‍ പ്രസിഡന്‍റിന് തിരിച്ചടിയായത്. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ്സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍വംശജനാണ് എഡ്‌നാള്‍ഡോ.ലോകകപ്പ് യോഗ്യതാറൗണ്ടില്‍ തപ്പിത്തടയുന്ന ബ്രസീല്‍ ഫുട്‌ബോളിന് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നതാണ് ഈ പുറത്താകല്‍. 2017-ല്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ചട്ടം മാറ്റിയിരുന്നു. ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബുമായി ആലോചന നടത്താതെയായിരുന്നു ഇത്. ഇതേത്തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ റോജെറോ കാബോക്ലോ പ്രസിഡന്‍റാവുകയും ചെയ്തു. എന്നാല്‍, ലൈംഗികാരോപണത്തില്‍ കുടുങ്ങി 2021-ല്‍ റോജെറോക്ക് പ്രസിഡന്‍റ്സ്ഥാനം നഷ്ടമായി. തുടര്‍ന്നാണ് എഡ്‌നാള്‍ഡോ താത്കാലിക പ്രസിഡന്‍റായത്. ഫെഡറേഷന്‍ വരുത്തിയ മാറ്റം റിയോ കോടതി റദ്ദാക്കിയിട്ടുണ്ട്. 2022-ല്‍ ബ്രസീല്‍ കോണ്‍ഫെഡറേഷനും പ്രോസിക്യൂട്ടര്‍ ഓഫീസും തമ്മിലുണ്ടാക്കിയ കരാര്‍ കോടതി റദ്ദാക്കാന്‍ സാധ്യതയുള്ളതായി അറിയാമായിരുന്നെന്ന് ഫിഫ വ്യക്തമാക്കിയത് ഫെഡറേഷന് ആശ്വാസകരമായ നീക്കമാണ്. ബ്രസീലിയന്‍ ഫുട്‌ബോളിന് വിലക്കുവന്നാല്‍, ഇപ്പോള്‍ നടക്കുന്ന യോഗ്യതാ റൗണ്ടില്‍ ന്യൂട്രല്‍ ടീമായി കളിക്കേണ്ടിവരും.

ഇത് ബ്രസീലിനെപ്പോലൊരു ടീമിന് വലിയ നാണക്കേടുണ്ടാക്കും. അതിനിടെ, ചരിത്രത്തിലാദ്യമായി ബ്രസീലിനു പുറത്തുനിന്ന് ഒരു പരിശീലകനെ കൊണ്ടുവരാനുള്ള എഡ്‌നാള്‍ഡോയുടെ നീക്കത്തിന് പുതിയ സംഭവവികാസങ്ങള്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്. കാരണം. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ കൂടുതല്‍ പേരും പ്രസിഡന്‍റീന്‍റെ ഈ നീക്കത്തിനെതിരായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രസീലിയന് ഫുട്‌ബോളിന്‍റെ ഫോമും നിരാശാജനകമാണ്. നിരന്തരമായുള്ള പരാജയങ്ങള്‍ അവരുടെ ലോകകപ്പ് യോഗ്യത പോലും തുലാസിലാക്കിയിരിക്കുകയാണ്. ആറുകളിയില്‍ ഏഴുപോയന്‍റുള്ള ടീം നിലവില്‍ ആറാംസ്ഥാനത്താണ്. അവസാന മൂന്നുമത്സരളിലും പരാജയമായിരുന്നു ഫലം. ഉറുഗ്വെ,, കൊളംബിയ, അര്‍ജന്‍റീന ടീമുകളോട് ബ്രസീല്‍ തോറ്റു. താത്കാലിക പരിശീലകന്‍ ഫെര്‍ണാണ്ടോ ഡിനസിന്‍റെ കീഴിലാണ് ടീം ഇപ്പോള്‍ കളിക്കുന്നത്. സൂപ്പര്‍ താരം നെയ്മര്‍ ഇപ്പോള്‍ പരുക്കിന്‍റെ പിടിയിലുമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com