

വിൽ ഒ റൂർക്ക്
ക്രൈസ്റ്റ്ചർച്ച്: ഇന്ത‍്യയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ന‍്യൂസിലൻഡ് താരം വിൽ ഒ റൂർക്ക് പുറത്ത്. പരുക്കാണ് താരത്തിന് തിരിച്ചടിയായത്. ഇന്ത‍്യയ്ക്കെതിരായ പരമ്പര വിൽ ഒ റൂർക്ക് കളിക്കില്ലെന്ന് മുഖ‍്യ പരിശീലകൻ റോബ് വാൾട്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരേ ഡിസംബറിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ താരം തിരിച്ചെത്തിയേക്കും. ന‍്യൂസിലൻഡിനു വേണ്ടി 14 ടെസ്റ്റും, 20 ഏകദിനവും 7 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം 83 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
വിൽ ഒ റൂർക്കിന് പകരക്കാരെ ആരെയും ഇതുവരെ ന‍്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം തന്നെ ന‍്യൂസിലൻഡ് ഇന്ത‍്യയ്ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിക്കും. ടി20 ടീമിനെ നേരത്തെ തന്നെ പ്രഖ‍്യാപിച്ചിരുന്നു.
5 ടി20യും 5 ഏകദിനവും 2 ടെസ്റ്റ് മത്സരങ്ങളുമാണ് കിവീസ് ഇന്ത‍്യയ്ക്കെതിരേ കളിക്കുക. കഴിഞ്ഞ ദിവസം പരുക്കേറ്റതിനെത്തുടർന്ന് മാർക്ക് ചാപ്മാൻ, സാക് ഫൗൾക്സ് എന്നീ താരങ്ങൾ ടീമിൽ നിന്നും പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിൽ ഒ റൂർക്കിനും പരമ്പര നഷ്ടമാകുമെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.